തൊടുപുഴ: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ വാഹന പരിശോധനയായ ഓപറേഷൻ ഫോക്കസിൽ കുടുങ്ങിയത് 197 പേർ. ഇവരിൽ നിന്ന് പിഴയീടാക്കിയത് 1,60,000 രൂപ. ഈ മാസം നാല് മുതൽ 13 വരെ നടന്ന പരിശോധനയിലാണ് ഇത്രയധികം കുറ്റകൃത്യങ്ങൾ കണ്ടെത്തിയത്. വാഹനങ്ങളിലെ അമിത പ്രകാശമുള്ള ലൈറ്റ് ഉപയോഗം കൊണ്ടുള്ള അപകടം തടയുക എന്ന ലക്ഷ്യത്തിലാണ് ഓപ്പറേഷൻ ഫോക്കസ് എന്ന പേരിൽ സ്‌പെഷൽ ഡ്രൈവ് തുടങ്ങിയത്. ഹെഡ് ലൈറ്റുകളിൽ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബൾബ്, ലേസർ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവയും പരിശോധിച്ചു. എതിരെ വരുന്ന വാഹനങ്ങൾക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുന്നവർക്കും പിഴ കിട്ടി. ക്രമക്കേടുകൾ കണ്ടെത്തിയ വാഹനങ്ങളിൽ നിന്ന് അനധികൃത ലൈറ്റുകൾ ഇളക്കി മാറ്റാൻ ഉടമ തന്നെ പണം ചെലവഴിക്കണം. ശേഷം രജിസ്റ്ററിംഗ് അതോറിട്ടി മുമ്പാകെ ഹാജരാകണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഹാജരായില്ലെങ്കിൽ വാഹനത്തിന്റെ രജിസ്‌ട്രേഷനടക്കം റദ്ദ് ചെയ്യുമെന്നാണ് നിർദേശം. റോഡുകളിലെ രാത്രികാല വാഹന അപകടങ്ങളുടെ ഒരു പ്രധാന കാരണം വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഓപറേഷൻ ഫോക്കസുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം രംഗത്തിറങ്ങിയത്.
നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ഡ്രൈവിംഗ്
മോട്ടോർ വാഹന വിഭാഗത്തെയും പൊലീസിനെയും കബളിപ്പിച്ച് റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ചെറുതും വലുതുമായ വാഹനാപകടങ്ങളിൽ പ്രധാനമായും സംഭവിക്കുന്നത് അമിത വേഗതയും ലഹരി വസ്തുക്കൾ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങുമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. വാഹന പരിശോധന നടത്തുന്നവരുടെ കണ്ണ് വെട്ടിച്ച് പോകാനാണ് പലരുടെയും ശ്രമം. റോഡിൽ വാഹനം നിറുത്താൻ അധികൃതർ ആവശ്യപ്പെട്ടാൽ അവരെ മറികടന്ന് അമിത വേഗത്തിൽ വാഹനങ്ങൾ പായിക്കാനാണ് ചിലർക്ക് താത്പര്യം. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ഇത്തരം സംഭവങ്ങൾ തൊടുപുഴ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലും പതിവാണ്. നിയമ വിരുദ്ധമായിട്ടുള്ള വാഹനങ്ങളെ പിടികൂടാൻ വണ്ണപ്പുറം റൂട്ടിൽ വാഹന പരിശോധന കർക്കശമാക്കിയതിനെ തുടർന്ന് ജനങ്ങൾ പരാതിയുമായി രംഗത്ത് വന്ന സംഭവങ്ങളും അടുത്ത നാളിലുണ്ടായിട്ടുണ്ട്. റോഡിൽ വാഹന പരിശോധനയുണ്ടെന്ന് ദൂരെ നിന്ന് അറിയുന്നവർ പരിശോധന കഴിയുന്നത് വരെ റോഡരുകിൽ വാഹനങ്ങൾ ഒതുക്കി പാർക്ക് ചെയ്യും. മറ്റ് ചിലർ ഇട വഴികളിലൂടെയും കടന്ന് കളയും.