തൊടുപുഴ: വിഷുവും ഈസ്റ്ററും ഒരുമിച്ചെത്തിയപ്പോൾ കിട്ടിയ അവധി ആഘോഷമാക്കാൻ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതിന് ശേഷമുള്ള വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, രാമക്കൽമേട്, വാഗമൺ, മറയൂർ, വട്ടവട, ഇടുക്കി ഡാം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആയിരക്കണക്കിന് പേരാണ് എത്തിയത്. പെസഹാ വ്യാഴം മുതൽ ആരംഭിച്ച തിരക്ക് ഇന്നലെ ഇരട്ടിയായി. മലയാളികളാണ് സഞ്ചാരികളിലേറെയും. എന്നാൽ വിദേശികളും അന്യസംസ്ഥാനക്കാരും കുറവായിരുന്നില്ല. ജില്ലാ ടൂറിസം പ്രമോഷന്റെ കൗൺസിലിന് കീഴിലുള്ള സ്ഥലങ്ങളിലും ജനത്തിരക്ക് കുറവില്ലായിരുന്നു. തിരക്കേറിയതോടെ മൂന്നാറടക്കമുള്ള പലയിടങ്ങളിലും ഗതാഗത കുരുക്കും അനുഭവപ്പെട്ടു. ഏറെ നാളുകൾക്ക് ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഉണർവ് അനുബന്ധ മേഖലകളും പ്രതീക്ഷയോടെയാണ് കാണുന്നത്.
ഇരവികുളത്ത് റെക്കാർഡ് കളക്ഷൻ
വരയാടുകളുടെ പ്രജനനകാലത്തിന് ശേഷം ഈ മാസം ഒന്ന് മുതൽ വീണ്ടും തുറന്ന ഇരവികുളം ദേശീയോദ്യാനത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഒമ്പതിനായിരത്തോളം പേരാണെത്തിയത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റെക്കാഡ് കളക്ഷനാണ് ലഭിച്ചത്. ഒരു ദിവസം പരമാവധി 2880 പേർക്ക് പ്രവേശനമുള്ള ദേശീയോദ്യാനത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും മുഴുവൻ ടിക്കറ്റും വിറ്റു പോയി. പ്രതിദിനം ശരാശരി 10 ലക്ഷ രൂപ വീതം ആകെ 30 ലക്ഷത്തിനടുത്തായിരുന്നു ഈ ദിവസങ്ങളിലെ വരുമാനം.
മലങ്കര ഹബ്ബിൽ സഞ്ചാരികളുടെ ഒഴുക്ക്
വിഷു ദിവസം മുതൽ ഇന്നലെ വരെയുള്ള ദിവസങ്ങളിൽ 3000 ൽപരം സഞ്ചാരികളാണ് മലങ്കര ഹബ്ബിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ വൈകിട്ട് മഴ പെയ്തത് സഞ്ചാരികൾക്ക് തടസമായി. വാഗമൺ, ഇല്ലിക്കകല്ല്, മൂന്നാർ, ഇലവീഴാപൂഞ്ചിറ എന്നിങ്ങനെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവർ മലങ്കര ഹബ്ബിലേക്കും എത്തുന്നുണ്ട്. കുട്ടികളുടെ പാർക്ക്, മലങ്കര അണക്കെട്ട് സന്ദർശനം, പ്രകൃതിയുടെ മനോഹരമായ കാഴ്ച എന്നിങ്ങനെ നാമമാത്രമായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നതെങ്കിലും സഞ്ചാരികൾ കൂട്ടത്തോടെയാണ് ഇവിടേക്ക് എത്തുന്നത്. ഇവിടെ എത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ലഘുഭക്ഷണം കഴിക്കാൻ പോലും സൗകര്യം ഒരുക്കാത്തതിനാൽ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. ഹബ്ബിന്റെ ഭാഗമായി ബോട്ട് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ടൂറിസം ജലവിഭവ വകുപ്പ് അധികൃതരെ പ്രദേശവാസികൾ നിരവധി തവണ സമീപിച്ചെങ്കിലും തീരുമാനമായില്ല. ഇത് സംബന്ധിച്ചുള്ള ഫയൽ ടൂറിസം മന്ത്രിയുടെ ഓഫീസിൽ എത്തിയെങ്കിലും തുടർ നടപടികൾ സ്തംഭിച്ചു.