രാജാക്കാട്: എൻ.ആർ സിറ്റി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നടത്തി. മേൽശാന്തി എം. പുരുഷോത്തമൻ ശാന്തിയും സതീഷ് ശാന്തിയും മുഖ്യകാർമികത്വവും സുകുമാരൻ ശാന്തി സഹകാർമികത്വവും വഹിച്ചു. നടതുറക്കൽ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗണപതിഹോമം, മൃത്യുഞ്ജയഹോമം, വിശേഷാൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, ഉച്ചപൂജ, വിശേഷാൽ ദീപാരാധന, മംഗളപൂജ, പ്രസാദ ഊട്ട് എന്നിവ നടത്തി. പുന്നസിറ്റിയിൽ നിന്ന് ഗുരുദേവ ക്ഷേത്രത്തിലേക്ക് നടന്ന താലപ്പൊലി ഘോഷയാത്രയ്ക്ക് ശേഷമായിരുന്നു പ്രതിഷ്ഠാ വാർഷിക സമ്മേളനം. എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.എസ് ലതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ഡി. രാധാകൃഷ്ണൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ്ജ് കെ.കെ. ഹരിദാസ് സ്വാഗതം പറഞ്ഞു. ഗുരുദേവ ധർമ്മത്തിൽ അധിഷ്ഠിതമായ കുടുംബ ഭദ്രത എന്ന വിഷയത്തിൽ പായിപ്ര ദമനൻ ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് സുധാകരൻ കാനാട്ട്, വിനു പാമ്പനച്ചാലിൽ എന്നിവർ പ്രസംഗിച്ചു. വനിതാ സംഘം പ്രസിഡന്റ് ജിജി കെ. ഹരിദാസ് നന്ദി പറഞ്ഞു. തുടർന്ന് ഗാനമേളയും നടത്തി.