അടിമാലി: കല്ലാറിൽ സ്വകാര്യ ഏലത്തോട്ടത്തിനുള്ളിൽ അന്യസംസ്ഥാന തൊഴിലാളി സ്ത്രീ മരം വീണ് മരിച്ചു. മദ്ധ്യപ്രദേശ് സ്വദേശിനി ഗീതയാണ് (26) മരിച്ചത്. ആറ് മാസമായി കല്ലാറിലെ സ്വകാര്യ തോട്ടത്തിൽ കുടുംബമായി താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു ഗീത. ഇന്നലെ തോട്ടത്തിൽ മറ്റ് തൊഴിലാളികൾക്കൊപ്പം വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാറ്റിൽ വൻമരം കടപുഴകി വീണത്. മറ്റുളളവർക്കൊപ്പം ഓടി മാറാൻ ശ്രമിച്ചെങ്കിലും ഗീതയുടെ മേൽ മരം പതിക്കുകയായിരുന്നു. വെള്ളത്തൂവൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അരവിന്ദാണ് ഭർത്താവ്. പ്രിയങ്ക, പ്രിയാൻസ് എന്നിവർ മക്കൾ.