ചെറുതോണി: ഇടുക്കി മരിയാപുരത്താണ് വൈകിട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീട് തകർന്നത്. ഇടുക്കി മരിയാപുരം കുഴികണ്ടത്തിൽ സുരേന്ദ്രന്റെ വീടാണ് തകർന്നത്. സുരേന്ദ്രനും ഭാര്യയും രണ്ടു മക്കളും ആണ് അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മേൽക്കൂര ശക്തമായ ഇടിയിൽ തകർന്നു. ഭിത്തികൾ വിണ്ടുകീറുകയും ജനലുകളും വാതിലുകളും തകരുകയും ചെയ്തു. വീട്ടിലെ വൈദ്യുതി ലൈനുകൾ എല്ലാം കത്തിയ നിലയിലാണ്. വീട്ടുപകരണങ്ങളും കേടുപാട് സംഭവിച്ചിട്ടുണ്ട്. അകത്തെ മുറിയിലുണ്ടായിരുന്ന അലമാരയുടെ വാതിലുകൾ പൂർണമായി തകർന്നു വീഴുകയും ചെയ്തു. മരിയാപുരം പഞ്ചായത്ത് ഓഫീസിന്റെ എതിർ വശത്താണ് ഇടിമിന്നലേറ്റ ഭവനം. അപകടസമയത്ത് സുരേന്ദ്രനും ഭാര്യ ബിന്ദു മക്കളായ അമലു (23) ആകാശ് (17) എന്നിവർ വീട്ടിൽ ഉണ്ടായിരുന്നു. പൊട്ടിത്തെറിയിൽ ചെറിയ പരിക്കുകൾ ഇവർക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതര പരിക്കേൽക്കാതെ കുടുംബം രക്ഷപെട്ടു.