weatherstation

 ജില്ലയിൽ ഒമ്പത് സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിക്കും

തൊടുപുഴ: 'ഇന്ന് ചൂട് അൽപ്പം കൂടുതലാണല്ലോ, മഴ പെയ്യാൻ സാദ്ധ്യതയുണ്ടോ..." അറിയാൻ തൊട്ടടുത്ത സ്കൂളിലെ കുട്ടികളോട് ചോദിച്ചാൽ മതി....

അടുത്ത അദ്ധ്യയനവർഷം മുതൽ ഗവേഷണ പഠനത്തിന്റെ വലിയ സാദ്ധ്യത തുറന്ന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ജ്യോഗ്രഫി പഠനവിഷയമുള്ള ജില്ലയിലെ ഒമ്പത് സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലാണ് വെതർ സ്റ്റേഷൻ ആരംഭിക്കുന്നത്. പുതിയ തലമുറയ്ക്ക് മാറുന്ന സാഹചര്യത്തിലെ കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങളുടെ സാദ്ധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും ഇതുവഴി അവസരമുണ്ടാകും. പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവിനപ്പുറം നേരിട്ട് പരീക്ഷിച്ച് നിരീക്ഷിച്ച് പഠിക്കുന്നതിന്റെ ഗുണം കുട്ടികൾക്ക് ലഭ്യമാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. സമഗ്ര ശിക്ഷാ കേരളത്തിന്റെ മേൽനോട്ടത്തിലാകും സ്‌കൂളുകളിൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. അതത് സ്കൂളുകളാണ് വെതർ സ്റ്റേഷന് വേണ്ട ഉപകരണങ്ങൾ വാങ്ങി സജ്ജീകരിക്കേണ്ടത്. ഒമ്പത് സ്‌കൂളിനും 49,000 രൂപാ വീതം അനുവദിച്ചു നൽകിയതായി സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ബിന്ദുമോൾ പറഞ്ഞു. സ്കൂൾ കെട്ടിടത്തിന്റെ മട്ടുപാവിലോ മുറ്റത്തോ സ്റ്റേഷൻ സ്ഥാപിക്കാം. മുറ്റത്താണ് സ്ഥാപിക്കുന്നതെങ്കിൽ സ്റ്റേഷന് ചുറ്റും സംരക്ഷണ വേലി നിർമ്മിക്കുന്നതിന് അയ്യായിരം രൂപ കൂടി അധികം അനുവദിക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തിപ്പിക്കുന്നതിന് അദ്ധ്യാപകർക്ക് എസ്.എസ്.കെ പരിശീലനം നൽകും. കുട്ടികളാണ് പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും നിരീക്ഷണം നടത്തുന്നതും. ഓരോ ദിവസത്തെയും മഴയുടെ അളവ്, കാറ്റിന്റെ വേഗം, അന്തരീക്ഷമർദ്ദം എന്നിവ വിദ്യാർത്ഥികൾ നിരീക്ഷിച്ചു ചാർട്ടുകളിൽ രേഖപ്പെടുത്തും. ഇവയിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ സമഗ്രശിക്ഷ വെബ് സൈറ്റിലും സ്കൂൾ വിക്കി പേജിലും പ്രസിദ്ധീകരിക്കും. ജ്യോഗ്രഫി പഠനത്തിൽ സ്‌കൂൾതലം തൊട്ട് തന്നെ കൂടുതൽ പരിശീലനം ലഭിക്കാൻ പുത്തൻ സംരംഭം ഉപകരിക്കും. ഓരോ സമയത്തും പ്രാദേശികമായി സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനം നിർണയിച്ചു ജനങ്ങൾക്ക് കൈമാറാനും ഇതിലൂടെ കഴിയും.

ഇടുക്കിയിൽ 9 സ്കൂളുകൾ

ജി.എച്ച്.എസ്.എസ്, ദേവികുളം

ജി.എച്ച്.എസ്.എസ്, കല്ലാർ

ജി.എച്ച്.എസ്.എസ്, കുമളി

ജി.എച്ച്.എസ്.എസ്, മുരിക്കാട്ടുകുടി

സി.പി.എം.ജി.എച്ച്.എസ്.എസ്, പീരുമേട്

ജി.എച്ച്.എസ്.എസ്, പൂമാല

ജി.എച്ച്.എസ്.എസ്, രാജാക്കാട്

എ.പി.ജെ അബ്ദുൽ കലാം എച്ച്.എസ്.എസ്, തൊടുപുഴ

ജി.എച്ച്.എസ്.എസ്, വെള്ളത്തൂവൽ

പ്രധാന ഉപകരണങ്ങൾ

തെർമോമീറ്റർ

വൈറ്റ് ഡ്രൈ ബൾബ് തെർമോമീറ്റർ

വെതർ ഫോർകാസ്റ്റർ

മഴമാപിനി

വിൻഡ് വേവ്

വെതർ ഡേറ്റാ ബുക്ക്

വെതർ ഡേറ്റാ ഡിസ്‌പ്ലേ ബോർഡ്‌