അറക്കുളം: ആയുഷ്മാൻ ഭാരത് പദ്ധതി, നാഷണൽ ആയുഷ് മിഷൻ, അറക്കുളം പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ യോഗാ പരിശീലന കേന്ദ്രം ആരംഭിച്ചു. അറക്കുളം മൃഗാശുപത്രി പ്രവർത്തിക്കുന്നതിന്റെ മുകളിലെ നിലയിലാണ് യോഗ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ഒരേ സമയം 15 ആളുകൾക്ക് പരിശീലനം നൽകും. രണ്ട് ബാച്ചുകളായി ഒരു മണിക്കൂർ വീതമാണ് പരിശീലനം. തിങ്കൾ മുതൽ ശനിയാഴ്ച്ച വരെയുള്ള ദിവസങ്ങളിലാണ് ക്ലാസ്സ്. രാവിലെ 6.30നും പിന്നീട് 8 മണിക്കുമാണ് ക്ലാസ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 6282 391 622 (ദീപു) നമ്പരിൽ ബന്ധപ്പെടണം. യോഗ സെന്ററിന്റെ ഉദ്ഘാടനം അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. വിനോദ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഗീത തുളസീധരൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബു ജോസഫ്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. മിനി സി. കർത്ത എന്നിവർ സംസാരിച്ചു.