തൊടുപുഴ: നഗരസഭാ ഓഫീസ് കെട്ടിടത്തിന് സമീപം ശാസ്ത്രസാഹിത്യ പരിഷത്തിന് നൽകിയിരുന്ന മുറിയിൽ നടത്തിയ അനധികൃത നിർമ്മാണം നീക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. പൊലീസ് സ്റ്റേഷനിലേക്കുള്ള വഴിയ്ക്കരികിൽ പരിഷത്തിന് നൽകിയിരുന്ന മുറിയുടെ ഭിത്തി പൊളിച്ച് നഗരസഭാ ഓഫീസിന് മുമ്പിലേക്ക് വാതിൽ സ്ഥാപിച്ചിരുന്നു. അനുമതി ഇല്ലാത്ത ഈ നിർമാണം പൊളിച്ചുനീക്കണമെന്ന് കൗൺസിലർമാരായ സഫിയ ജബ്ബാറും സനു കൃഷ്ണനും കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. രാത്രിയിൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് മുൻ യോഗങ്ങളിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ദീപക് കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നഗരസഭാ ഓഫീസിന്റെ മൂക്കിന് താഴെയുള്ള ഈ നിയമലംഘനം അനുവദിച്ചു നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അനധികൃതമായി നിർമ്മിച്ച വാതിൽ അടച്ച് ഇവിടെ ഭിത്തി പുനസ്ഥാപിക്കുമെന്ന് ചെയർമാൻ പറഞ്ഞു. എത്രയും വേഗം നടപടിയെടുക്കാൻ മുനിസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയതായും ചെയർമാൻ പറഞ്ഞു.