
ഇടുക്കി: സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പഠിതാക്കളെയും ഇൻസ്ട്രക്ടർമാരെയും ജില്ലാ സാക്ഷരതാ മിഷൻ വീടുകളിലെത്തി ആദരിച്ചു. വാഴത്തോപ്പ് കൊലുമ്പൻ കോളനിയിൽ മുതിർന്ന സാക്ഷരതാ പഠിതാവ് തേനൻ ഭാസ്‌കരന്റെ വീട്ടിൽ നടത്തിയ സമ്പൂർണ്ണ സാക്ഷരതാ ദിനാചരണ ചടങ്ങ് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഇ ടി നൗഷാദ് അദ്ധ്യക്ഷനായിരുന്നു.
കൊലുമ്പൻ കോളനിയിലെ മുതിർന്ന പഠിതാക്കളെയും ഇൻസ്ട്രക്ടർമാരെയും ആദരിച്ചു. ജില്ലയിലെ 63 സാക്ഷരതാ കേന്ദ്രങ്ങളിലാണ് വാർഷിക ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗം ഇ ടി നൗഷാദ് സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം എന്നിവർ ചേർന്ന് പഠിതാക്കളെയും ഇൻസ്ട്രക്ടർമാരെയും ആദരിച്ചു. സാക്ഷരതാ മിഷനിലെ വിനു പി ആന്റണി, ഇൻസ്ട്രക്ടർ ഉഷ ജയൻ എന്നിവർ സംസാരിച്ചു. സാക്ഷരതാ പ്രേരക്മാരായ അമ്മിണി ജോസ് സ്വാഗതവും, ബിന്ദു മോൾ ടി എസ് നന്ദിയും പറഞ്ഞു.