മറയൂർ: കാന്തല്ലൂർ- മറയൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഡിൽ വാഴനട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. മറയൂർ മുതൽ കോവിൽകടവ് വരെ മൂന്നു കിലോമീറ്ററോളം ചെറുതും വലുതുമായ പൊട്ടിപ്പൊളിഞ്ഞ നിരവധി കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിൽ വൻ കുഴികളുള്ളത് മറയൂർ കോളനി ഭാഗത്താണ്. രണ്ടു വർഷം മുമ്പ് ഭാഗികമായി അടച്ച റോഡ് ദിവസങ്ങൾക്കുള്ളിൽ പൊളിഞ്ഞു. പ്രദേശത്ത് മഴയും ഇടയ്ക്ക് മൂടൽമഞ്ഞും അനുഭവപ്പെടുന്നതിനാൽ കുഴികൾ അറിയാതെ എത്തുന്ന യാത്രക്കാരുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് മറയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും റോഡിലെ കുഴികളിൽ വാഴനട്ടും പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനം ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയംഗം എൻ. ആരോഗ്യദാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജയ് കാളിദാസ്, കോൺഗ്രസ് മറയൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജോമോൻ തോമസ്, ദളിത് കോൺഗ്രസ് പ്രസിഡന്റ് ഗാന്ധി, പഞ്ചായത്തംഗം പളനിസാമി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
'റോഡ് നിർമാണം ഉടൻ ആരംഭിക്കും"
മറയൂർ- കാന്തല്ലൂർ റോഡിന്റെ ടാറിങ്ങിനായി ടെണ്ടർ നടപടികൾ പൂർത്തിയാക്കിയെന്നും മഴമാറി കാലാവസ്ഥ അനുകൂലമായാൽ റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്ന് അഡ്വ. എ. രാജ എം.എൽ.എ അറിയിച്ചു. ആദ്യ അഞ്ച് കിലോമീറ്റർ ദുരം അടിയന്തരമായി പൂർത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.