അടിമാലി: കനത്ത കാറ്റിലും മഴയിലും അടിമാലി കമ്പിലൈനിലെ നിർദ്ധന കുടുംബത്തിന്റെ വീട് തകർന്നു. പള്ളിവാസൽ പഞ്ചായത്തിലെ കമ്പിലൈൻ 14-ാം ആം വാർഡിൽ എട്ടേക്കറിൽ താമസിക്കുന്ന കളപ്പുരയ്ക്കൽ ശശിയുടെയും പൊന്നമ്മയുടെയും വീടാണ് പൂർണമായും നശിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീടിന്റെ മേൽക്കൂരയടക്കം തകർന്നത്. വീട്ടുപകരണങ്ങളടക്കം പൂർണമായി നശിച്ചു. ഭിത്തിയടക്കം വിണ്ടുകീറി വീട് വാസയോഗ്യമല്ലാതായി. സുരക്ഷയുള്ള വീട് ഒരുക്കാൻ അധികാരികൾ നടപടി എടുക്കണമെന്നാണ് നിർദ്ധനരായ കുടുംബത്തിന്റെ ആവശ്യം. വില്ലേജിലും പഞ്ചായത്തിലും നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിച്ചതായി വാർഡ് മെമ്പർ സുജി ഉല്ലാസ് പറഞ്ഞു.