saseedran

നെടുങ്കണ്ടം: വന്യജീവി ആക്രമണത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാര കുടിശിഖ ഒരു മാസത്തിനുള്ളിൽ കൊടുത്തുതീർക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കാട്ടുപന്നി ഉൾപ്പടെയുള്ള വന്യജീവികളുടെ ആക്രമണത്തിൽ നിരവധി ജീവനുകൾ പൊലിയുകയും നിരവധി കർഷകർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ആളുകൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കുടിശിഖ തുക ഒരു മാസത്തിനുള്ളിൽ കൊടുത്തുതീർക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നെടുങ്കണ്ടത്ത് നാഷണലിസ്റ്റ് കോൺഗ്രസ് ജില്ലാ നേതൃസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ അനുവാദം നൽകിയിട്ടുണ്ടെങ്കിലും ലൈസൻസുള്ള തോക്കുടമകളുടെ എണ്ണം കുറവാണ്. മാത്രവുമല്ല നിയമപരമായ ചില തടസങ്ങളും ഉണ്ട്. ഇവ മാറ്റാൻ പഞ്ചായത്തുതലത്തിൽ പാനൽ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ പഞ്ചായത്തിലും ലൈസൻസുള്ളതും വനംവകുപ്പിന്റെ അനുമതിയുള്ളതുമായ തോക്കുടമകളുടെ യോഗം വിളിച്ചുചേർത്ത് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ പാനൽ രൂപീകരിക്കുന്നത്. ഓരോ പഞ്ചായത്തിലെയും കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ ഈ കമ്മറ്റിക്ക് അധികാരം നൽകും. കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായ മേഖലകളിൽ ഇവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വനംവകുപ്പും കർഷകരും തമ്മിൽ നല്ല ബന്ധം സ്ഥാപിക്കാനാണ് താൻ ശ്രമിക്കുന്നത്. ഇതിനായി വേണ്ട ക്രമീകരണങ്ങൾ ഉടൻ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.