തൊടുപുഴ: ഏതൊരു മലയാളിയെയും പോലെ ഇടുക്കിക്കാരന്റെയും തീൻമേശയിലെ മുഖ്യവിഭവമാണ് മീൻ. എന്നാൽ അൽപ്പം മീൻ കറിയില്ലാതെ ചോർ ഇറങ്ങില്ലെന്ന വാശിയുള്ളവരുടെയെല്ലാം വയറിന് ഇപ്പോൾ വേദന മാറുന്നില്ല, വീട്ടിലെ പൂച്ചകളെല്ലാം പിടഞ്ഞ് ചാകുന്നതും പതിവായി. കാരണം ജില്ലയിൽ വിൽക്കുന്നതിലേറെയും മാസങ്ങൾ പഴകിയ ചീഞ്ഞ മീനാണെന്നാണ് ഓരോ ദിവസവും വാർത്തകൾ വരുന്നത്. ശനിയാഴ്ചയും ഇന്നലെയുമായി ജില്ലയിൽ രണ്ടിടത്ത് നിന്നായി 50 കിലോയോളം ചീഞ്ഞ മീനുകളാണ് കണ്ടെടുത്ത് നശിപ്പിച്ചത്. നോക്കാതെ മീൻ വാങ്ങിയാൽ എട്ടിന്റെ പണികിട്ടും. വീട്ടിലെത്തി നോക്കുമ്പോഴാകും മനസിലാകുക, 'പെടയ്ക്കണ' മീൻ നല്ലൊന്നാന്തരം ചീഞ്ഞളിഞ്ഞതാണെന്ന്. വാഴയുടെയോ തെങ്ങിന്റെയോ മൂട്ടിൽ വളമായിടാൻ കൊള്ളാം, അല്ലാതെ കറിയാക്കാൻ നിന്നാൽ കഴിക്കുന്നയാളെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വരും. നെടുങ്കണ്ടത്ത് മീൻ കഴിച്ച പൂച്ചകൾ ചത്തതും കറി കഴിച്ചവർക്ക് വയറു വേദന അനുഭവപ്പെട്ടതും കഴിഞ്ഞ ആഴ്ചയാണ്. ഇത് വാർത്തയായതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദേശത്തെ തുടർന്ന് ജില്ലയിൽ വ്യാപകമായി മത്സ്യകടകളിൽ പരിശോധന നടക്കുകയാണ്.
പരിശോധനകൾ പ്രഹസനം
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും നഗരസഭാ ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിലുള്ള മീൻകടകളിലെ പരിശോധനകൾ പലപ്പോഴും വെറും പ്രഹസനമായി മാറുകയാണ്. ഒരു തവണ പഴകിയ മീൻ പിടികൂടി നോട്ടീസ് നൽകുന്ന കടകളിൽ തന്നെ വീണ്ടും ചീഞ്ഞ മത്സ്യം കണ്ടെത്തുന്നത് പതിവാണ്. ഒരു രൂപ പോലും പിഴ ഇടാക്കുകയോ കട അടപ്പിക്കാനോ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. വഴിയോര കച്ചവടക്കാർക്കെതിരെ ഇതിൽ കൂടുതൽ നടപടിയെടുക്കാനാകില്ലെന്നാണ് ന്യായം. ഫലമോ, ചീഞ്ഞ മീൻ വിൽപ്പന നിർബാധം തുടരുന്നു. ഇന്നലെ പിടികൂടിയ കച്ചവടക്കാരൻ അവിടെ തന്നെ നാളെയും ചീഞ്ഞ മീൻ വിൽപ്പന ആരംഭിച്ചാലും ഒന്നും ചെയ്യാനാകില്ല. കടയ്ക്ക് പേരോ നഗരസഭയുടെ ലൈസൻസോ ഒന്നുമില്ലാതെയാണ് പലയിടത്തും ചീഞ്ഞ മീൻ വിൽപ്പന. യഥാർത്ഥ ഉടമ ഇതുപോലുള്ള ചീഞ്ഞ മീനുകൾ മറ്റെവിടെയെങ്കിലും വിൽപ്പന നടത്തുന്നുണ്ടോയെന്നും അറിയാൻ വഴിയില്ല.
തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ മൊത്തക്കച്ചവ സ്ഥാപനങ്ങളിൽ നിന്നാണ് ജില്ലയിലെമ്പാടും പച്ചമീനെത്തുന്നത്.
23 കിലോ പഴകിയ മീൻ നശിപ്പിച്ചു
ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ജില്ലയിലെ മീൻകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന വ്യാപക പരിശോധനയിൽ 23 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ഉടുമ്പന്നൂർ, പട്ടയംകവല, മുതലക്കോടം എന്നിവിടങ്ങളിലെ കടകളിൽ നിന്നാണ് വിൽപ്പനയ്ക്ക് വച്ച 23 കിലോയോളം ചീഞ്ഞ ഒഴുക മീൻ പിടിച്ചെടുത്തത്. ഭക്ഷ്യയോഗമല്ലാത്ത മീൻ വിറ്റ ഈ കടകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. തൊടുപുഴ, അടിമാലി, ആനച്ചാൽ, ഇരുമ്പുപാലം ഭാഗങ്ങളിലായിരുന്നു ഇന്നലെ പരിശോധന നടത്തിയത്. പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രാസവസ്തു ചേർത്തിട്ടുണ്ടെന്ന് സംശയം തോന്നിയ 15 മീൻ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കാക്കനാട്ടിലെ ലാബിലേക്ക് അയച്ചു. ഒഴുക, അയല, മത്തി, കിളിമീൻ എന്നീ മീനുകളുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ഇവയുടെ ഫലം വരുന്നതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. തിങ്കളാഴ്ച നെടുങ്കണ്ടം തൂക്കുപാലം ഭാഗത്തെ മീൻകടകളിൽ നടന്ന പരിശോധനയിൽ എട്ട് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തൊടുപുഴ ഫുഡ്സേഫ്‌റ്റി ഓഫീസർ എം.എൻ. ഷംസിയ, ദേവികുളം ഫുഡ്സേഫ്‌റ്റി ഓഫീസർ ബൈജു പി. ജോസഫ്, ഉടുമ്പഞ്ചോല ഫുഡ്സേഫ്‌റ്റി ഓഫീസർ ആൻമേരി ജോൺസൺ, ജില്ലാ ഫിഷറീസ് ഓഫീസർ നൗഷാദ്, ഭക്ഷ്യസുരക്ഷാ ജീവനക്കാരായ ഉണ്ണികൃഷ്ണൻ, രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.