മുട്ടം: കൂടിയ പവറിലുള്ള വൈദ്യുതിയിലാകും ഇന്ന് രാവിലെ മുതൽ മാത്തപ്പാറ പമ്പ് ഹൗസ് പ്രവർത്തിക്കുക. മുട്ടം, കരിങ്കുന്നം പഞ്ചായത്ത്‌ പ്രദേശങ്ങളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നത് മലങ്കര അണക്കെട്ടിന്റെ ഭാഗമായുള്ള മാത്തപ്പാറ പമ്പ് ഹൗസിൽ നിന്നാണ്. എന്നാൽ കുറഞ്ഞ പവറിലുള്ള വൈദ്യുതി ഉപയോഗിച്ചാണ് പമ്പ് ഹൗസിലെ 3 മോട്ടോറുകൾ പ്രവർത്തിച്ചിരുന്നത്. ഇതേ തുടർന്ന് മോട്ടോറുകൾ പതിവായി കേടാവുകയും മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലേക്കുള്ള കുടി വെള്ളം പതിവായി മുടങ്ങുന്ന അവസ്ഥയുമായിരുന്നു. ഇതേ തുടർന്ന് പവർ കൂടിയ വൈദ്യുതി നൽകുന്നതിന് പമ്പ് ഹൗസിന് സമീപം പുതിയ ട്രാൻസ്‌ഫോമർ സ്ഥാപിച്ചു. എന്നാൽ ഏതാനും മാസങ്ങൾ കഴിഞ്ഞെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പുതിയ ട്രാൻസ്ഫോമറിൽ നിന്ന് വൈദ്യുതി വിതരണം ചെയ്യാൻ കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇത്‌ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, ഡെപ്പ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പുതിയ ട്രാൻസ്ഫോമർ പരിശോധന നടത്തി പ്രവർത്തിക്കാനുള്ള അനുമതി നൽകി. പുതിയ ട്രാൻസ്ഫോമറിൽ നിന്നുള്ള വൈദ്യുതി അമ്പാട്ട് കോളനി, മാത്തപ്പാറ പ്രദേശങ്ങളിലേക്കാണ് വിതരണം ചെയ്യുന്നത്. പഴയ ട്രാൻസ്ഫോമർ നവീകരിച്ച് പവർ കൂടിയ വൈദ്യുതിയാണ് പമ്പ് ഹൗസിലേക്ക് വിതരണം ചെയ്യുന്നതും. പി ജെ ജോസഫ് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ മോട്ടോർ 20 ന് പമ്പ് ഹൗസിൽ പ്രവർത്തന സജ്ജമാക്കാനുള്ള പ്രവർത്തികൾ നടന്ന് വരുകയാണ്. പമ്പ് ഹൗസിലെ 75 എച്ച് പി മോട്ടോറിൽ പുതിയ സ്റ്റാർട്ടർ ഘടിപ്പിച്ച് കഴിഞ്ഞ ദിവസം മുതൽ പ്രവർത്തന സജ്ജമാക്കിയിരുന്നു.