പീരുമേട് :മാതൃ വിദ്യാലയത്തിൽ ആധുനിക സയൻസ് ലാബ് നിർമിക്കാനുള്ള ധന സമാഹരണത്തിന് ബിരിയാണി ചലഞ്ചുമായി പൂർവവിദ്യാർത്ഥി സംഘടന. പെരുവന്താനം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ പൂർവ വിദ്യാർഥി സംഘടനയായ പാഠചക്രംമാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. 25 ലക്ഷം രൂപ ചിലവഴിച്ചാണ് മെൺലോ പാർക്ക് എന്നപേരിൽ ലാബ് നിർമ്മിക്കുക.
ഭൗമദിനമായ വെള്ളിയാഴ്ച രാവിലെ 9.30ന് പെരുവന്താനം ജംഗ്ഷനിൽ ജനപ്രതിനിധികൾ, പൗരപ്രമുഖർ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ,പൂർവവിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൂർവ്വ അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രചരണം സംഘടിപ്പിക്കും. ഇതിനായി അഞ്ച് അടി ഉയരത്തിലും 50 അടി നീളത്തിലും തുണിയിൽ നിർമ്മിച്ച വലിയ ബാനറിൽ ഭൗമ ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ആശയങ്ങളും നിർദേശങ്ങളും പങ്കെടുക്കുന്നവർ എഴുതുക എന്നതാണ് പ്രചാരണത്തിന്റ ആദ്യഘട്ടം. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സിനിമ താരവുമായ സിയാദ് ഉദ്ഘാടനം നിർവഹിക്കും. പാഠചക്രം ഭാരവാഹികളായ റെജിമോൻ ചെറിയാൻ, സെബാസ്റ്റ്യൻ മുകളേൽ, സി. എസ്.നാസർ, സി.ആർ. സോമൻ, സ്‌കൂൾ മാനേജർ ഫാ. തോമസ് നെല്ലൂർ കാലായിൽപറമ്പിൽ, പ്രധാനാദ്ധ്യാപിക ഉഷസ് മേരി ജോൺ, പി.ടി.എ പ്രസിഡന്റ് സാജു പൗവത് എന്നിവർ നേതൃത്വം നൽകും. 24ന് ആദ്യ ഘട്ടമായി ബിരിയാണി വിൽപ്പന നടത്തും.