തൊടുപുഴ: കാഡ്‌സ് സംഘടിപ്പിക്കുന്ന ഗ്രീൻഫെസ്റ്റ് വിത്ത് മഹോത്സവത്തിന് 21ന് കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ തുടക്കം കുറിക്കും. രാവിലെ ഒമ്പതിന് വെങ്ങല്ലൂരിൽ നിന്ന് ആരംഭിക്കുന്ന വിളംബരജാഥ മേള നഗറിൽ എത്തുമ്പോൾ വിശിഷ്ടാതിഥികൾക്ക് വരവേൽപ്പ് നൽകി വേദിയിലേക്ക് ആനയിക്കും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ആമുഖ പ്രസംഗം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് അംഗങ്ങളായ പ്രൊഫ. എം.ജെ. ജേക്കബ്, മാത്യു കെ. ജോൺ, നിധി മനോജ്, സഫിയ ജബ്ബാർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. ജോസഫ് അഗസ്റ്റിൻ, സി.എസ്. ഷാജി, കെ.കെ. കൃഷ്ണപിള്ള, ജിമ്മി മറ്റത്തിപ്പാറ, എം.എൻ. സുരേഷ്, ബാബു പരമേശ്വരൻ എന്നിവർ സംസാരിക്കും. കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ സ്വാഗതവും ഡയറക്ടർ ജേക്കബ് മാത്യു നന്ദിയും പറയും. രാവിലെ 11ന് നടക്കുന്ന കലാസാഹിത്യ മത്സരങ്ങൾ തൊടുപുഴ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. 22 മുതൽ രാവിലെ 10ന് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. ബിരുദ ബിരുദാനന്തര അഗ്രി കോഴ്‌സുകൾ,​ തൊഴിൽ സാദ്ധ്യതകൾ,​ പോത്തുകുട്ടി വളർത്തൽ,​ മാംസവിപണി,​ പുഷ്പകൃഷി, വാഴക്കൃഷി,​ മൂല്യവർദ്ധിത ഉത്പന്നങ്ങൾ, ചെറുകിടവ്യവസായം, ഓർഗാനിക് ഫാർമിംഗ്, ജൈവതേയില കൃഷി, ഉൾനാടൻ മത്സ്യകൃഷി, കൊക്കോ കൃഷിയും കയറ്റുമതി സാധ്യതകൾ, പാലും പാലുത്പന്നങ്ങളും എന്നിവയാണ് സെമിനാർ വിഷയങ്ങൾ. 29ന് രാവിലെ 10ന് ജില്ലയിലെ ആദ്യത്തെ ജൈവ പ്രകൃതി കൃഷി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യും. സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മേയ് ഒന്നിന് സമാപന സമ്മേളനം ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ച കർഷകർക്കുള്ള അവാർഡുകൾ വിതരണം ചെയ്യും. ഈ ചടങ്ങിൽ കാഡ്‌സ് വിപണിയിൽ ഇറക്കുന്ന പ്രമേഹരോഗികൾക്കായുള്ള പ്ലാന്റയ്ൻ അപ്പപ്പൊടിയും പുട്ടുപൊടിയും ലോഞ്ചിങ് നടക്കും. മേളയുടെ ഭാഗമായി എല്ലാദിവസവും വൈകിട്ട് കലാപരിപാടികളും നടക്കും.