തോട്ടംമേഖലകളിൽ കാട്ടാനകൾ കൂട്ടമായി എത്തുന്നു
10 ചാക്ക് റേഷനരിയും രണ്ട് ചാക്ക് ഗോതമ്പും ഭക്ഷിച്ചു
പള്ളിയുടെ കവാടത്തിന് നേരെയും കാട്ടാനആക്രമണം
വീടിന്റെ ഗേറ്റ് ചവിട്ടി തുറന്ന് ഇല്ലി കൂട്ടം ഒടിച്ച് ഭക്ഷിച്ചു
മൂന്നാർ/ പീരുമേട്: രാവും പകലും ജനവാസ കേന്ദ്രങ്ങളിൽ മേഞ്ഞു നടക്കുന്ന കാട്ടാനകൂട്ടങ്ങൾ ഇടുക്കിക്കാരുടെ ഉറക്കം കെടുത്തുന്നു. ഇന്നലെ മൂന്നാറിൽ തൊഴിലാളികൾക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 10 ചാക്ക് റേഷനരിയും രണ്ട് ചാക്ക് ഗോതമ്പും കാട്ടാന ഭക്ഷിച്ചു. ലോക്കാട് എസ്റ്റേറ്റിലെ ജയറാമിന്റെ കടയിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളാണ് പുലർച്ചെ എത്തിയ കൊമ്പൻ ജനൽ തകർത്ത് ഭക്ഷിക്കുകയും പാതി നശിപ്പിക്കുകയും ചെയ്തത്. എസ്റ്റേറ്റ് തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്നതായിരുന്നു അരിയും ഗോതമ്പും. കഴിഞ്ഞ ഒരാഴ്ചയായി ദേവികുളം മേഖലയിൽ തമ്പടിച്ച ഒറ്റയാനാണ് രാത്രിയോടെ എസ്റ്റേറ്റിലെത്തിയത്. കടയിലെത്തിയ ആന 10 ചാക്ക് അരിച്ചാക്കും രണ്ട് ചാക്ക് ഗോതമ്പും ഭക്ഷിച്ച് ബാക്കി നശിപ്പിച്ച് മടങ്ങി. സൂര്യനെല്ലിയിൽ കാട്ടാന പള്ളിയുടെ കവാടം നശിപ്പിച്ചു. രാത്രി എത്തിയ കാട്ടാന പള്ളിയുടെ ഗേറ്റ് നശിപ്പിക്കുകയായിരുന്നു. തോട്ടംമേഖലകൾ കേന്ദ്രീകരിച്ച് കാട്ടാനകൾ കൂട്ടമായി എത്തുന്നത് തുടരുകയാണ്.
ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം പീരുമേട്ടിൽ കാട്ടാന വീണ്ടുമെത്തി. പീരുമേട് സർക്കാർ അതിഥി മന്ദിരത്തിന് സമീപമുള്ള ഏലിസബത്തിന്റെ പുരയിടത്തിലാണ് ഇന്നലെ പുലർച്ചയോടെ കാട്ടാനകൾ എത്തിയത്. ഒരു മാസം മുമ്പ് മൂന്നംഗ കാട്ടാനക്കൂട്ടം വീട്ടുമുറ്റത്ത് നിന്ന ഒമ്പത് തെങ്ങുകൾ നശിപ്പിച്ചിരുന്നു. ഇന്നലെ വീണ്ടുമെത്തിയ കാട്ടാന കൂട്ടം ഗേറ്റ് ചവിട്ടി തുറന്ന് ഇല്ലി കൂട്ടം ഒടിച്ച് ഭക്ഷിച്ചു. തുടർന്ന് സമീപത്തുള്ള യുക്കാലികാട്ടിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഈസ്റ്ററായതിനാൽ എലിസബത്തും മകനും ചങ്ങനാശേരിയിലായിരുന്നു. മറ്റ് നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. പീരുമേട് തോട്ടാപ്പുര ഭാഗം, കരണ്ടകപ്പാറ, മരിയ ഗിരി സ്കൂളിന് സമീപം വനം വകുപ്പിന്റെ നീർ വേങ്ങപ്പാന്റേഷൻ എന്നിവിടങ്ങളിലാണ് കാട്ടാന തമ്പടിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് കാട്ടാന ഇറങ്ങി തോട്ടപ്പാര ഭാഗത്തെ കർഷകരുടെ കൃഷി നശിപ്പിച്ചിരുന്നു. പീരുമേട് പഞ്ചായത്തിലെ കല്ലാർ, യൂക്കാലി പ്ലാന്റേഷൻ ഭാഗം എന്നിവിടങ്ങളിലെ പത്തോളം കർഷകരുടെ സ്ഥലത്ത് കയറി ഏലം, വാഴ, തെങ്ങ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചിരുന്നു. സംഭവത്തിൽ പരുന്തുംപാറ വാർഡ് മെമ്പർ രാമന്റെ നേതൃത്വത്തിൽ നൂറോളം കർഷകർ യോഗം ചേർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. കാട്ടാന ശല്യത്തിൽ നിന്ന് സ്ഥിരമായി മോചനം നേടാൻ അധികൃതർ നടപടി സ്വീകരിക്കണമന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.