നെടുങ്കണ്ടം: കോൺഗ്രസ് പാർട്ടി വിട്ട പഞ്ചായത്തംഗം ഷിബു ചെരികുന്നേൽ നേതാക്കളെ ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്ത നടപടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏതെങ്കിലും പാർട്ടിയിൽ ചേരുക എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ, പാർട്ടി നേതാക്കളെ ആക്ഷേപിക്കുന്നത് ശരിയായ നടപടിയല്ല. പല പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്. അവസാനമാണ് കേരളാ കോൺഗ്രസ്(എം)ൽ ചേർന്നത്. ഷിബു ഒരിക്കലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തയാറായിട്ടില്ല. ചിഹ്നം നൽകാൻ പാർട്ടി തയാറായിരുന്നെങ്കിലും യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. രാഷ്ട്രീയ ധാർമ്മികതയുണ്ടെങ്കിൽ യു.ഡി.എഫ് വോട്ടുകൾ നേടി വിജയിച്ച ഷിബു മെമ്പർ സ്ഥാനവും രാജിവയ്ക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എൻ തങ്കപ്പൻ, എം.എസ് മഹേശ്വരൻ, രാജേഷ് ജോസഫ് എന്നിവർ പറഞ്ഞു.