പീരുമേട്: പീരുമേട് വില്ലേജിലെ റീസർവ്വേ യിലെ പിഴവുകൾ പരിഹരിക്കണമെന്ന് ഞ്ചായത്ത് ഭരണ സമിതി യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. റിസർവേ കഴിഞ്ഞിട്ടും പീരുമേട് പഞ്ചായത്തിലെ2200 കുടംബങ്ങൾ പ്രതിസന്ധിയിൽ അകപ്പെട്ടു. ഇതിൽ1688 വസ്തു ഉടമകളുടെ പേര് മാറിയ നിലയിലാണ്. ചിലരുടെ പട്ടയഭൂമി സർക്കാർ വസ്തുവായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില വസ്തു ഉടമകളുടെ വില്ലേജുകൾ മാറികിടക്കുന്ന സ്ഥിതിയുമുണ്ട്. പീരുമേട് വില്ലേജിലെ സ്ഥലം മഞ്ചു മലയിലും, ഏലപ്പാറയിലുമായി മാറി കിടക്കുന്ന സ്ഥിതിയും ഉണ്ട്. മറ്റ് വില്ലേജുകളിൽ റീസർവ്വേ നടക്കാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നു. തെറ്റായ രേഖകൾ പരിഹരിക്കാൻ സമയം നൽകിയത് കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നപ്പോഴാണ്. ഇതുമൂലം കൂടുതൽ പേർക്കും പിഴവുകൾ പരിഹരിക്കാനായില്ല. സ്ഥലത്തില്ലാത്തവരും രോഗം ബാധിച്ചവരും രേഖകൾ കൈയ്യിലില്ലാത്തവർ ഉടപ്പെടെ യുള്ളവർക്ക് ഒരവസരം കൂടി നൽകണമെന്നും പഞ്ചായത്ത്ഭരണസമിതി ആവശ്യപ്പെട്ടു. വാഴൂർ സോമൻ എം.എൽ എ വഴി റവന്യൂ മന്ത്രിക്ക് പ്രമേയം കൈമാറാനാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു പറഞ്ഞു.