
തൊടുപുഴ: റബർ തോട്ടത്തിലെ കിണറിൽ വീണ കാട്ടുപോത്തിനെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു. ഇന്നലെ പുലർച്ചെ വണ്ണപ്പുറം പഞ്ചായത്തിലെ ദർഭത്തൊട്ടി പുതുപ്പറമ്പിൽ ഉണ്ണിക്കൃഷ്ണന്റെ കൃഷിയിടത്തിലെ കിണറ്റിലാണ് 500 കിലോയിലേറെ തൂക്കം വരുന്ന വലിയ കാട്ടുപോത്ത് വീണത്. രാവിലെ നായ്ക്കളുടെ തുടർച്ചയായുള്ള കുരകേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് കിണറ്റിൽ പോത്തിനെ കാണുന്നത്. പൈനാപ്പിൾ കൃഷി നനയ്ക്കാനായി കുത്തിയ കിണറിന് സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ പോത്ത് അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നെന്നാണ് കരുതുന്നത്. ഉടൻതന്നെ പഞ്ചായത്തംഗം രാജീവ് ഭാസ്‌കരൻ വനം വകുപ്പിനെയും പൊലീസിനെയും വിവരമിയിച്ചു. എട്ട് മണിയോടെ സ്ഥലത്തെത്തിയ വനപാലകരും പൊലീസും നാട്ടുകാരുടെ സഹായത്തോടെ പോത്തിനെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടങ്ങി. കാട്ടുപോത്തിനെ മയക്ക് വെടിവയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. തുടർന്ന് സ്ഥലത്തെത്തിയ കോതമംഗലം ഡി.എഫ്.ഒയുടെ നിർദ്ദേശപ്രകാരം കിണറിന്റെ അരിക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു താഴ്ത്തി. ഉച്ചയോടെ ഇതുവഴി കരയ്ക്ക് കയറിയ പോത്ത് അക്രമകാരിയാകാതെ സമീപത്തെ തേക്കിൻ കൂപ്പിലേയ്ക്ക് കയറിപ്പോയി. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ല നാട്ടുകാരുടെ മണിക്കൂറുകളായുള്ള ആശങ്കയ്ക്ക് വിരാമമായി. കാട്ടുപോത്ത് വീണ്ടും നാട്ടിൽ ഇറങ്ങുമോ എന്ന പേടി ജനങ്ങൾക്കുണ്ട്. ജനവാസമേഖലയായ ഇവിടെ ആദ്യമായാണ് കാട്ടുപോത്ത് എത്തുന്നത്. ഇടുക്കി വനത്തിൽ നിന്ന് മണ്ണൂക്കാട് വനമേഖല വഴി തേക്കിൻകൂപ്പിലെത്തിയതാകാം കാട്ടുപോത്തെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡി.എഫ്.ഒ ആർ.വി.ജി കണ്ണൻ, റേഞ്ച് ഓഫീസർ തമ്പി, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ സജി, റെജികുമാർ, കാളിയാർ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.