കുമളി: ജില്ലയിലെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ കുമളിയ്ക്ക് പറയാൻ നേട്ടങ്ങളുടെ പട്ടികയേറെയാണ്. കുടിവെള്ളത്തിനായി ഒന്നര കോടി രൂപയാണ് ചെലവഴിച്ചത്. ആരോഗ്യ മേഖലയിലെ ശ്രദ്ധേയ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ വാർഡുകളിലും സഞ്ചരിക്കുന്ന ആശുപത്രി എന്ന സംവിധാനം നടപ്പിലാക്കി. ആംബുലൻസ്, ഡോക്ടർ,​ നഴ്‌സ്,​ ഫാർമസിസ്റ്റ്,​ ലാബ് ടെക്‌നീഷ്യൻസ് എന്നിവരുൾപ്പെടെ മരുന്നുമായി രോഗികളുടെ വീട്ടിലെത്തി പരിശോധിക്കുന്നു. ആയൂർവേദ, ഹോമിയോ മേഖലയിലും മെച്ചപ്പെട്ട പ്രവർത്തനം നടത്തി.
സഞ്ചരിക്കുന്ന ആശുപത്രിയ്ക്ക് 21 ലക്ഷം രൂപ ചെലവഴിച്ചു. 40 ലക്ഷം രൂപ മുടക്കി എക്‌സ്‌റേ യൂണിറ്റ് പ്രവർത്തിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കി. റോഡിന്റെ നവീകരണത്തിനും നിർമ്മാണത്തിനമായി നാലുകോടി രൂപ ചെലവഴിച്ചു. എല്ലാ വാർഡുകളിലും തെരുവ് വിളക്കുകൾ സ്ഥാപിച്ചു. കുമളി ടൗൺ വൈദ്യുതീകരിക്കുന്നതിന് 50 ലക്ഷം രൂപ ചെലവഴിച്ചു. പഴങ്ങൾ, പച്ചക്കറി കൃഷിക്ക് ലക്ഷം രൂപ അനുവദിച്ചു. പൂച്ചെട്ടിയിൽ പച്ചക്കറി തൈ വ്യതസ്ത കൃഷി രീതിയാണ്. കുമളി ഗ്രാമ പഞ്ചായത്ത് ആധുനിക രീതിയിൽ ഒരേ സമയം ആറ് മൃഗങ്ങളെ സ്ലോട്ടർ ചെയ്യാൻ കഴിയുന്ന സ്ലോട്ടർ ഹൗസ് മുരുക്കടിയിൽ സ്ഥാപിച്ചു. സംസ്ഥാനത്ത് തന്നെ അപൂർവ്വമാണിത്. മാലിന്യ സംസ്‌കരണത്തിന് പഞ്ചായത്ത് പ്രാധാന്യം നൽകുന്നു. ക്ലീൻ കുമളി ഗ്രീൻ കുമളി സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മാലിന്യശേഖരണവും സംസ്‌കരണവും നടത്തുന്നത്. കുമളി ഗ്രാമപഞ്ചായത്തിന്റെ ഹരിത കർമ്മസേനയിൽ 20 സ്ഥിരാംഗങ്ങൾ ഉണ്ട്. ഇവരുടെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ ശേഖരിക്കലും സംസ്കരിക്കലും നടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചെടുത്ത് വെർമി കമ്പോസ്റ്റ് വളങ്ങൾ വിൽക്കുന്നു. വീണ്ടും ഉപയോഗിക്കുന്ന സാധനങ്ങൾ വാങ്ങി ഉപയോഗിക്കാനും പ്ലാസ്റ്റിക് ഒഴിവാക്കാനും ഗ്രീൻ ആർമി ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ സ്വാപ്പ് ഷോപ്പ് ആരംഭിച്ചു. സ്റ്റീൽ വാട്ടർ ബോട്ടിൽ,​ സ്റ്റീൽപാത്രങ്ങൾ,​ തുണിസഞ്ചി,​ പേപ്പർ ബാഗുകൾ എന്നിവ കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തുന്നുണ്ട്. പാത്രങ്ങൾ വാടകയ്ക്ക് നൽകുന്ന യൂണിറ്റും ആരംഭിച്ചു. ഹരിത കർമ സേന ശേഖരിച്ച ഫീസ് ഉൾപ്പെടെ 37.16 ലക്ഷം രൂപ വരവായി ലഭിച്ചു.

ഹരിതവാർഡ്

സംസ്ഥാനത്തെ ആദ്യ ഹരിത വാർഡായി കുമളി പഞ്ചായത്തിലെ പതിനാറാം വാർഡായ സ്പ്രിംഗ്‌വാലി തിരഞ്ഞെടുത്തു. അങ്ങനെ സംസ്ഥാന തലത്തിലും കുമളി പഞ്ചായത്ത് നേട്ടങ്ങളുടെ പട്ടികയിലിടം നേടി.

പ്രവർത്തനങ്ങൾ വിലയിരുത്തി

മാലിന്യ സംസ്കരണ പ്ലാന്റുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിന് സംസ്ഥാന ഹരിത മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ടി.എൻ. സീമ, ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ കേശവൻ നായരും പ്ലാന്റ് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയിരുന്നു.

"കുമളി ഗ്രാമപഞ്ചായത്തിന് ജില്ലയിലെ മികച്ച പഞ്ചായത്തെന്ന ചരിത്രനേട്ടത്തിലെത്താൻ കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫിയും പത്തും ലക്ഷം രൂപയുടെ ക്യാഷ് അവാർഡും നേടി. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളോടെ ചേർന്ന് നിന്ന് ലൈഫ് പദ്ധതി, എല്ലാവർക്കും ഭൂമി, എല്ലാവർക്കും പെൻഷൻ എന്നിവ കുമളി പഞ്ചായത്തിൽ നടപ്പാക്കി. എല്ലാ രംഗത്തും മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തി കുമളിയെ സംസ്ഥാനത്തെ തന്നെ മികച്ച ഗ്രാമ പഞ്ചായത്താക്കുക എന്ന ലലക്ഷ്യത്തിലാണ് ഭരണസമിതിയും ജീവനക്കാരും പ്രവർത്തിക്കുന്നത്"

-ശാന്തി ഷാജിമോൻ (പ്രസിഡന്റ്)​

കുമളി ഗ്രാമപഞ്ചായത്ത്