തൊടുപുഴ: അരനൂറ്റാണ്ടോളം നടന്ന് ചെരുപ്പ് പലത് തേഞ്ഞ് തീർന്നിട്ടും ഏഴല്ലൂർ കുട്ടിവനം മേഖലയിലെ നൂറുകണക്കിന് കർഷകർക്ക് പട്ടയമെന്നത് ഇന്നും സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഒരു പറ്റം റവന്യൂ ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് ഒരു ജനതയുടെ ഭൂമിയുടെ അവകാശം നിഷേധിക്കുന്നത്. കുമാരമംഗലം, കോടിക്കുളം വില്ലേജുകളിലെ 250ലേറെ പേർക്കാണ് പട്ടയം നിഷേധിക്കുന്നത്. അമ്പത് വർഷങ്ങൾക്ക് മുമ്പ് കുട്ടിവനത്തിൽ കുടിയേറിയവരുടെ രണ്ടാംതലമുറയാണ് ഇപ്പോൾ മേഖലയിൽ താമസിക്കുന്നത്. ഇവിടത്തെ 319 കുടുംബങ്ങൾക്ക് 2020 ജനുവരിയിൽ പട്ടയം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി വനം- റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയും സർവേയും പൂർത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടയമേളയിൽ കോടിക്കുളം വില്ലേജിലെ അറുപതോളം കുടുംബങ്ങൾക്ക് മാത്രം പട്ടയം ലഭിച്ചു. എന്നാൽ കുമാരമംഗലം വില്ലേജിലെ ആർക്കും ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. ഓരോ ഉപാധികൾ നിരത്തി ബാക്കിയുള്ളവർക്ക് സർക്കാർ പട്ടയം നിഷേധിക്കുകയാണ്. ഉപാധിരഹിത പട്ടയം നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ നിരവധി ഉപാധികളുള്ള 'അൺഒക്കുപൈഡ് ലാൻഡ് 'എന്ന വിഭാഗത്തിലാണ് ഇവർക്ക് പട്ടയം നൽകുന്നത്. സാധാരണ സർക്കാർ ഏറ്റെടുത്ത് നൽകുന്ന ഭൂമികളാണ് 'അൺഒക്കുപൈഡ് ലാൻഡ് ' എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. അമ്പത് വർഷം മുമ്പ് വനഭൂമിയിൽ കുടിയേറിയ കുട്ടിവനം നിവാസികളെ ഈ ഗണത്തിൽപ്പെടുത്താനാകില്ല. എന്നാൽ ചില ഉദ്യോഗസ്ഥരുടെ താത്പര്യപ്രകാരം കുട്ടിവനം 'അൺഒക്കുപൈഡ് ലാൻഡി'ൽ ഉൾപ്പെടുത്തിയതിനാൽ 12 വർഷത്തേക്ക് ഈ ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ല. ഒരു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് പട്ടയം നൽകുകയുമില്ല. ഒരേക്കറിൽ കൂടുതൽ ഭൂമിയുണ്ടെങ്കിലോ ഉപജീവനമാർഗത്തിന് കൊച്ചു കടമുറിയുണ്ടെങ്കിൽ പോലുമോ പട്ടയം കിട്ടില്ല. ഇത്തരത്തിൽ ഓരോ കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ പട്ടയം നിഷേധിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇവരോ മുൻ തലമുറയോ നട്ടുവളർത്തിയ സ്വന്തം സ്ഥലത്തെ മരം മുറിക്കാനും അനുമതിയില്ല. പട്ടയം നിഷേധിക്കുന്ന റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് പ്രദേശത്തെ സി.പി.എം അടക്കമുള്ല രാഷ്ട്റീയപാർട്ടികൾ.

പട്ടയ നടപടി പൂർത്തിയാക്കണമെന്ന് സി.പി.ഐ

ഏഴല്ലൂർ കുട്ടി വനം പ്രദേശത്തെ താമസക്കാരുടെ പട്ടയ നടപടി അടിയന്തരമായി പൂർത്തിയാക്കണമെന്ന് സി.പി.ഐ ഏഴല്ലൂർ ലോക്കൽ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് വർഷങ്ങളായി താമസിച്ചു വരുന്ന കുടുംബങ്ങളുടെ ദീർഘകാലത്തെ ആഗ്രഹമാണ് പട്ടയമെന്നത്. സർക്കാരിന്റെ ശക്തമായ നിലപാടിന്റെ ഫലമായി പട്ടയം നൽകാൻ തീരുമാനിച്ചെങ്കിലും ഉദ്യോഗസ്ഥർ ചില മുടന്തൻ ന്യായങ്ങൾ നിരത്തി കുറച്ചപേർക്ക് ഇനിയും പട്ടയം ലഭ്യമാക്കിയിട്ടില്ല. അടിയന്തരമായി മുഴുവൻ പേർക്കും പട്ടയം നൽകാൻ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഏഴല്ലൂർ ബാങ്ക് ഹാളിൽ നടന്ന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. ഒ.എം. തങ്കപ്പൻ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. സലിംകുമാർ, മണ്ഡലം സെക്രട്ടറി പി.പി. ജോയി, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.ആർ. പ്രമോദ്, മുഹമ്മദ് അഫ്‌സൽ, അഡ്വ. എബി ഡി. കോലേത്ത്, പി.എസ്. സുരേഷ്, എൻ.ജെ. കുഞ്ഞുമോൻ, ബിന്ദു ഷാജി, തോമസ് മാത്യു എന്നിവർ സംസാരിച്ചു. എൻ.ജെ. കുഞ്ഞുമോനെ ലോക്കൽ സെക്രട്ടറിയായും തോമസ് മാത്യുവിനെ അസി: സെക്രട്ടിയായും സമ്മേളനം തിരഞ്ഞെടുത്തു.