grantees

മറയൂർ: പട്ടയ ഭൂമിയിൽ കർഷകർ നട്ടുവളർത്തിയ ഗ്രാന്റീസ് മരങ്ങൾ മുറിക്കുന്നത് റവന്യു വകുപ്പ് കാന്തല്ലൂർ കീഴാന്തൂർ വില്ലേജുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു. 2013 ൽ അന്നത്തെ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരനാണ് പ്രദേശത്തെ ഭൂ പ്രശ്‌നവുമായി ബന്ധപ്പെട്ട് മരം മുറിക്കുന്നത് തടഞ്ഞുള്ള ഉത്തരവിറക്കിയത്. തുടർന്ന് 2018 വരെ പ്രദേശത്ത് ഗ്രാന്റീസ് മരങ്ങൾ മുറിക്കാൻ കഴിയാതെയായി. നീരുറവകൾ വറ്റിക്കുന്ന ഗ്രാന്റീസ് മരങ്ങൾ ആയിരക്കണക്കിന് ഏക്കറിൽ പടർന്നുപന്തലിച്ചതോടെ കൃഷിസ്ഥലങ്ങൾ ചുരുങ്ങുകയും ശുദ്ധജലക്ഷാമം നേരിടുകയും ചെയ്തു. തുടർന്നുള്ള ചർച്ചയിലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് മരം വെട്ടാൻ അനുവാദം നൽകാനും ഇത്തരത്തിലുള്ള മരങ്ങൾ തുടർന്നും വളരാത്ത രീതിയിൽ നിർമാർജ്ജനം ചെയ്തു കൃഷി വ്യാപിക്കാൻ നിബന്ധനകളോടെ ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് മറയൂർ,​ കാന്തല്ലൂർ,​ വട്ടവട മേഖലയിൽ മരം വെട്ടി തുടങ്ങി. എന്നാൽ കഴിഞ്ഞ എട്ട് മാസം മുമ്പ് റവന്യൂ ഉദ്യോഗസ്ഥർ സർക്കാറിലേക്ക് തെറ്റായ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് വീണ്ടും മരംവെട്ട് തടസപ്പെട്ടു. മരം മുറിക്കുന്നതിന് തടസം വന്നതോടെ കാന്തല്ലൂരിലെ സാമ്പത്തിക മേഖല തകരുകയും നിരവധിപേർ തൊഴിൽ നഷ്ടമാവുകയും ചെയ്തു. കഴിഞ്ഞ മാർച്ച് ഏഴ് മുതൽ ഏപ്രിൽ മൂന്ന് വരെ കാന്തല്ലൂർ വില്ലേജ് ഓഫീസിന് മുമ്പിൽ സി.ഐ.ടി.യു- കർഷക സംഘം എന്നിവരുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തി. തുടർന്ന് എ. രാജ എം.എൽ.എ, ജില്ലാ കളക്ടർ ഷീബ ജോർജ്ജ്, ദേവികുളം സബ് കളക്ടർ,​ കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ്, കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി എ.എസ്. ശ്രീനിവാസൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. സിജിമോൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് അനുമതി ലഭിച്ചത്.