നെടുങ്കണ്ടം: റേഷൻ മൊത്ത വ്യാപാര സ്ഥാപനം മാറ്റി പ്രവർത്തിക്കാനുള്ള നീക്കത്തിനെതിരെ തൊഴിലാളികൾ രംഗത്ത്.
വർഷങ്ങളായി നെടുങ്കണ്ടം താന്നിമൂട്ടിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിച്ച് വന്നിരുന്ന ഉടുമ്പൻചോല താലൂക്ക് പിഡിഎസ് ഗോഡൗണാണ് വണ്ടൻമേട്ടിലെ സ്‌റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷന്റെ ഗോഡൗണിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നത്. നിലവിലെ ഗോഡൗണിലുള്ള റേഷൻ സാധനങ്ങൾ പൂർണ്ണമായി മാറ്റുന്നതോടെ ഇതിന്റെ പ്രവർത്തനം വണ്ടമേട്ടിലേയ്ക്ക് മാറും. എന്നാൽ ഗോഡൗൺ മാറ്റിയാൽ വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികളും ദിവസ വേതനക്കാരും ഉൾപ്പടെ 21 പേരുടെ തൊഴിൽ നഷ്ടമാകും. മുന്നറിയിപ്പ് നൽകാതെയാണ് ഗോഡൗൺ മാറ്റുന്നതെന്ന് ആരോപിച്ച് തൊഴിലാളികൾ ഗോഡൗണിന് മുമ്പിൽ പ്രതിഷേധിച്ചു. ഉടുമ്പൻചോല താലൂക്കിലെ വിവിധ മേഖലകളിലേക്ക് റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്നത് ഈ ഗോഡൗണിൽ നിന്നാണ്. എന്നാൽ കഴിഞ്ഞ ദിവസം ജോലി സമയം കഴിഞ്ഞതോടെ അടുത്ത ദിവസം മുതൽ ഗോഡൗൺ വണ്ടൻമേട്ടിലേക്ക് മാറ്റുന്നതായി അധികൃതർ തൊഴിലാളികളെ അറിയിക്കുകയായിരുന്നു.തൊഴിൽ കാർഡ് പ്രകാരം ഇവർക്ക് സപ്ലൈകോയുടെ ഗോഡൗണിൽ മാത്രമാണ് ജോലി നിശ്ചയിച്ചിരിക്കുന്നത്. ചുമട്ടുതൊഴിലാളികളെ കൂടാതെ ആറ് ദിവസവേതന തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
തൊഴിലാളി സംഘനകളോടോ തൊഴിലാളികളോടോ കൂടിയാലോചിക്കാതെയാണ് അധികൃതർ ഗോഡൗൺ മാറ്റാൻ തീരുമാനിച്ചതെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.
മുൻ വർഷങ്ങളിൽ നിലവിലെ ഗോഡൗൺ ചോർന്ന് ഒലിക്കുകയും ലക്ഷകണക്കിന് രൂപയുടെ റേഷൻ സാധനങ്ങൾ ഉപയോഗ ശൂന്യമാകുകയും ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ച് അധികൃതർ നടത്തിയ പരിശോധനയിൽ ഈ സ്ഥാപനം കൂടുതൽ സുരക്ഷിതമായി മറ്റൊരിടത്തേയ്ക്ക് മാറ്റുവാനുള്ള നിർദ്ദേശം വെച്ചിരുന്നു. ഇതിനെ തുടർന്നാണ് വണ്ടൻമേട്ടിലെ ഗോഡൗണിലേയ്ക്ക് മാറ്റാൻ തീരുമാനമായതെന്ന് സപ്ലൈകോ ഡിപ്പോ അധികൃതർ പറഞ്ഞു.ഗോഡൗൺ മാറ്റാനുള്ള നീക്കം എതിർത്ത് തൊഴിലാളികൾ രംഗത്ത് എത്തിയതോടെ അടുത്ത ദിവസം ചർച്ച നടത്താമെന്ന നിലപാടിലാണ് അധികൃതർ.