കട്ടപ്പന : പേഴുംകവലയിൽ വീടിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു. കല്ലൂർതറവിള ഡാർവിന്റെ ഓട്ടോയാണ് പൂർണ്ണമായും നശിച്ചത്. ബുധനാഴ്ച്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.പുലർച്ചെ വലിയ ശബ്ദം കേട്ട് വീട്ടിൽ നിന്ന് ഇറങ്ങിനോക്കിയപ്പോഴാണ് വാഹനത്തിൽ തീ പടരുന്നത് കണ്ടതെന്ന് ഉടമ പറഞ്ഞു. തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഇതിനോടകം ഓട്ടോറിക്ഷ പൂർണ്ണമായി അഗ്‌നിക്കിരയായി. മറ്റൊരു ഗുഡ്‌സ് ഓട്ടോയും സമീപത്ത് ഉണ്ടായിരുന്നെങ്കിലും അയൽവാസികളുടെ അവസരോചിത ഇടപെടലിൽ വാഹനം സ്ഥലത്ത് നിന്ന് മാറ്റി.റീ ടെസ്റ്റിംഗിനായി കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഓട്ടോ വീട്ടിലെത്തിച്ചത്. ബാറ്ററിയിലെ ഷോർട്ട് സർക്ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.അപകടമറിഞ്ഞ് കട്ടപ്പനയിൽ നിന്നും ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയിരുന്നു.കട്ടപ്പന പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.