
മുട്ടം: പി ജെ ജോസഫ് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 90 എച്ച് പിയുടെ പുതിയ മോട്ടോർ സെറ്റ് മാത്തപ്പാറ പമ്പ് ഹൗസിൽ എത്തിച്ചു. മുട്ടം പഞ്ചായത്ത് പ്രദേശത്തേക്ക് കുടിവെള്ളം പമ്പ് ചെയ്തിരുന്ന രണ്ട് മൊട്ടോറുകളിൽ ഒന്നായ 75 എച്ച് പിയുടെ മോട്ടോർ പണിമുടക്കിയിരുന്നു. തുടർന്നാണ് പുതിയ മോട്ടോർ അനുവദിച്ചത്. അടുത്ത നാളിൽ 75 എച്ച് പിയുടെ മോട്ടേർ പ്രവർത്തനസജ്ജമാക്കിയിരുന്നു.പമ്പ് ഉത്തർപ്രദേശിൽ നിന്നും മോട്ടോർ പൂനെയിൽ നിന്നുമാണ് എത്തിച്ചത്. 6 ഇഞ്ച് വാൽവും 13 സ്റ്റേജ് പമ്പും ഉൾപ്പെടുന്നതാണ് പുതിയ മോട്ടോർ സെറ്റ്. മുട്ടം പഞ്ചായത്ത് പ്രദേശത്തേക്ക് മാത്രം കുടി വെള്ളം എത്തിക്കാൻ നിലവിൽ 90 എച്ച് പി യുടേത് 2, 75 എച്ച് പിയുടേത് 1 എന്നിങ്ങനെ മൂന്ന് മോട്ടോറുകളുണ്ടെങ്കിലും ഉയർന്ന പ്രദേശങ്ങളിലെ കുടി വെള്ള ക്ഷാമത്തിന് പരിഹാരമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. കരിങ്കുന്നം പഞ്ചായത്ത് പ്രദേശത്തേക്ക് കുടി വെള്ളം പമ്പ് ചെയ്യാൻ 68 എച്ച് പിയുടെ മറ്റൊരു മോട്ടോറുമുണ്ട്.