വെള്ളിയാമറ്റം: കറുകപ്പള്ളി വെള്ളിയാമറ്റം റോഡ് നവീകരണം വൈകുന്നതിൽ വ്യാപകമായ പ്രതിഷേധം. വർഷങ്ങൾ കഴിഞ്ഞെങ്കിലും റോഡ് നന്നാക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഒന്നര കിലോമീറ്ററോളം ദൂരത്തിലാണ് റോഡിന്റെ ടാറിങ്ങും മിറ്റലും ഇളകി ദുരിത അവസ്ഥയിലുള്ളത്. മഴ പെയ്താൽ കാൽ നട യാത്ര പോലും ദുഷ്‌കരമാണ്. നിരവധി പ്രാവശ്യം പൊതുമരാമത്ത് അധികൃതർക്ക് പ്രദേശവാസികൾ പരാതികൾ നൽകിയിരുന്നു. ഉടൻ പരിഹരിക്കും എന്ന് പറയുന്നതല്ലാതെ റോഡ് നന്നാക്കാൻ നാളിതുവരെ നടപടിയുണ്ടായിട്ടില്ല. പി.ഡ.ബ്ല്യു.ഡി. കറു കപ്പള്ളി റോഡു പണിയാൻഎസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും ഇതുവരെ തുക അനുവദിച്ചു കിട്ടാത്തതാണ് പണി വൈകാൻ കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സർക്കാർ തുക അനുവദിച്ചാലും ടെൻഡർ നടപടികൾ പൂർത്തിയാക്കി പണി ആരംഭിക്കണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം. പ്രശ്‌നത്തിൽ പി .ജെ ജോസഫ് എം.എൽ. എ അടിയന്തിരമായി ഇടപെടണം എന്നാണ് ജനങ്ങളുടെ ആവശ്യം.