നെടുങ്കണ്ടം: പത്തിനിപ്പാറ ചാങ്ങയിൽ ശ്രീഭദ്രകാളി ശ്രീമഹാദേവ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ മഹോത്സവം 23 ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്തിനിപ്പാറ കല്ലാർമെട്ടിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് ചാങ്ങയിൽ ശ്രീഭദ്രകാളി ശ്രീമഹാദേവ ക്ഷേത്രം. ജീർണാവസ്ഥയിലായിരുന്ന ഈ ക്ഷേത്രം പുനരുദ്ധാനം നടത്തുന്നതിനായി ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ശനിയാഴ്ച രാവിലെ 11.15 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് ക്ഷേത്ര സമുച്ചയ സമർപ്പണവും പ്രതിഷ്ഠാ പൂജകളും നടക്കുന്നത്. പ്രതിഷ്ഠാ പൂജകൾക്ക് ക്ഷേത്രം തന്ത്രി പൊൻകുന്നം വാളാർപള്ളി മഠം മഹേശ്വരൻ നമ്പൂതിരി, മേൽശാന്തി സുഭാഷ് തിരുമേനി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. പ്രതിഷ്ഠാ കർമ്മത്തിന് ശേഷം വൈകുന്നേരം 5.30 ന് സാംസ്‌കാരിക സമ്മേളനം നടക്കും. തുടർന്ന് നെടുങ്കണ്ടം തപസ്യാ കലാക്ഷേത്രയുടെ നൃത്തനൃത്ത്യങ്ങൾ, കരോക്കെ ഗാനമേള എന്നിവയും നടക്കുമെന്ന് ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് കെ.കെ മനോജ്, സെക്രട്ടറി ജെ ഉണ്ണികൃഷ്ണൻ, ചെയർമാൻ ജയപ്രകാശ് എന്നിവർ പറഞ്ഞു.