kpn
നിർദ്ദിഷ്ഠ ക്യാൻസർ നിർണ്ണയ കേന്ദ്രം ആരംഭിക്കുന്ന പാറക്കടവിലെ പഴയ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം

കട്ടപ്പന: ഹൈറേഞ്ചിലെ ആദ്യത്തെ കാൻസർ രോഗ നിർണ്ണയ കേന്ദ്രം ജൂണിൽ കട്ടപ്പനയിൽ പ്രവർത്തനം ആരംഭിക്കും.നഗരസഭയുടെ കീഴിൽ പാറക്കടവിൽ പഴയ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലാണ് രോഗ നിർണ്ണയ കേന്ദ്രം സജ്ജീകരിക്കുന്നത്.
കെട്ടിടത്തിനുള്ളിലെ വയറിംഗ് ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇത് പൂർത്തിയാക്കാൻ കഴിയുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. കാൻസർ രോഗ നിർണ്ണയ കേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയത്.

2020 ലെ ബഡ്ജറ്റിൽ തുക വകയിരുത്തിയിരുന്നുവെങ്കിലും കൊവിഡ് സാഹചര്യത്തെ തുടർന്ന് ഈ വർഷം ആദ്യമാണ് നിർമ്മാണം ആരംഭിച്ചത്.ക്യാൻസർ നിർണ്ണയ കേന്ദ്രം നഗരസഭയുടേതാണെങ്കിലും ഇരുപതേക്കർ താലൂക്ക് ആശുപത്രിയുടെ മേൽനോട്ടത്തിലായിരിക്കും കേന്ദ്രത്തിന്റെ പ്രവർത്തനം.തുടക്കത്തിൽ ജില്ലയിലെ ഏതെങ്കിലും സർക്കാർ ആശുപത്രിയിലെ പത്തോളജി വിദഗ്ദ്ധന് അധിക ചുമതല നൽകിയാകും കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങുക.

കാൻസർ രോഗ നിർണ്ണയ കേന്ദ്രം പ്രവർത്തനം തുടങ്ങിയാൽ ഹൈറേഞ്ച് സ്വദേശികൾക്ക് ആശ്വാസമാകും,കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കാൻസർ രോഗികളുള്ളത് ഇടുക്കി ജില്ലയിലെ തോട്ടം മേഖലകളിലാണ് എന്നാണ് കണക്ക്.ഈ സാഹചര്യത്തിൽ രോഗം കണ്ടെത്താനായി പലപ്പോഴും കിലോമീറ്ററുകൾ സഞ്ചരിച്ച് കോട്ടയത്തോ അല്ലെങ്കിൽ തിരുവനന്തപുരത്തോ ,തമിഴ്‌നാട്ടിലോ എത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇടുക്കി മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായി ഉപകരണങ്ങൾ ഉണ്ടെങ്കിലും പാത്തോളജി വിദഗ്ദ്ധനില്ലെന്നാണ് സൂചന.

• 3 തരം കാൻസറുകൾ

കണ്ടെത്താം

ആദ്യ ഘട്ടമായി 3 തരം കാൻസറുകളുടെ രോഗ നിർണ്ണയമാകും കേന്ദ്രത്തിൽ ഉണ്ടാവുക. മാറിടത്തിലെ മുഴകൾ, തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴകളിലെ ക്യാൻസർ സെല്ലുകൾ കണ്ടെത്തുന്ന ഫൈൻ നീഡിൽ ആസ്പിറേഷൻ ടെസ്റ്റും,ഗർഭാശയ മുഴകളിലെ കാൻസർ കണ്ടെത്തുന്ന പാപ്‌സ്മിയർ പരിശോധനയുമാകും ആദ്യ ഘട്ടത്തിൽ നടത്തുക. രണ്ടാം ഘട്ടത്താൻ ഹിസ്റ്റോ പത്തോളജി പരിശോധനയും തുടങ്ങും. വിദഗ്ദ്ധ ഡോക്ടറിന് പുറമേ ഒരു നഴ്‌സും, ലാബ് ടെക്‌നീഷ്യനും ക്ലീനിംഗ് സ്റ്റാഫും കേന്ദ്രത്തിലുണ്ടാകും.ആഴ്ച്ചയിൽ ഒരു ദിവസവും, പിന്നീട് മൂന്ന് ദിവസമായിരിക്കും പരിശോധന ക്രമീകരിക്കുക.