കട്ടപ്പന : നിർമ്മാണ നിരോധനം അടക്കമുള്ള ജില്ലയിലെ ഭൂവിഷയങ്ങളിലുള്ള സർക്കാരിന്റെ നിശബ്ദ മനോഭാവത്തിനെതിരെ വടിയെടുത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സമര മുഖത്തേയ്ക്ക് അടുക്കുന്നു.ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാത്ത സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഇന്നലെ സമിതി കട്ടപ്പനയിൽ സായാഹ്ന ധർണ്ണ നടത്തി. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. കസ്തൂരി രംഗൻ വിഷയത്തിലും മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിലും എൽ ഡി എഫിനോട് ചേർന്ന് നിന്ന് സമരം ചെയ്ത സംരക്ഷണ സമിതിയുടെ ഇപ്പോഴത്തെ നീക്കം സർക്കാരിനെ വെട്ടിലാക്കും.നിർമ്മാണ നിരോധന ഉത്തരവ് ഭൂനിയമ ചട്ടംഭേദഗതി ചെയ്ത് മറികടക്കാമെന്ന വാഗ്ദാനം സർക്കാർ മനപ്പൂർവ്വം ഇഴയിപ്പിക്കുകയാണെന്ന് സമിതി തുറന്നടിച്ചു.തിരഞ്ഞെടുപ്പിലെ വാഗ്ദാനം നടപ്പിലാക്കാനുള്ള നട്ടെല്ല് എൽ ഡി എഫ് സർക്കാരിനില്ലേയെന്നും സമിതി നേതാക്കൾ വിമർശിച്ചു. ഇടുക്കി രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടക്കുമ്പോഴും ജനങ്ങളുടെ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് വയ്ക്കുകയാണ് സർക്കാർ.ഈ രീതി തുടർന്നാൽ കർഷകരെ അണിനിരത്തി ജൂബിലി ആഘോഷങ്ങൾ ബഹിഷ്‌ക്കരിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ വ്യക്തമാക്കി.പത്ത് ചെയ്ൻ മേഖലയിൽ കൈവശ ഭൂമിയുള്ള എല്ലാവർക്കും പട്ടയം നൽകുമെന്ന് ഉറപ്പ് നൽകിയിട്ടും 3 ചെയ്‌നിലെ ആയിരക്കണക്കിന് ജനങ്ങളെ അകറ്റി നിർത്തുന്ന നിലപാടും സമിതി സർക്കാരിനെതിരെ ഉയർത്തിക്കാട്ടുന്നുണ്ട്. സാങ്കേതിക പിഴവിന്റെ പേരിൽ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയപ്പോൾ പുതിയ പട്ടയങ്ങൾ 45 ദിവസത്തിനുള്ളിൽ നൽകുമെന്നാണ് സർക്കാർ ഉറപ്പ് നൽകിയത്.നീണ്ട ഇടവേളയ്ക്ക് ശേഷം ഹൈറേഞ്ച് സംരക്ഷണ സമിതി ജില്ലയിലെ ഭൂവിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നത് എൽ ഡി എഫ് സർക്കാരിന് തിരിച്ചടിയാകും.