നെടുങ്കണ്ടം: താന്നിമൂട്ടിലെ സപ്ലൈകോ ഗോഡൗൺ വണ്ടൻമേട്ടിലേക്ക് മാറ്റുമെന്ന കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലാതെ ഉദ്യോഗസ്ഥർ. ഇന്നലെ നടന്ന ചർച്ച പരാജയപ്പെട്ടു. 26 ന് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചു.19 ാം തിയതിയാണ് ഗോഡൗൺ വണ്ടൻമേട്ടിലേക്ക് മാറ്റുമെന്ന അറിയിപ്പ് തൊഴിലാളികൾക്കും കെട്ടിട ഉടമയ്ക്കും ലഭിച്ചത്. തൊട്ടടുത്ത ദിവസം തന്നെതൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗോഡൗൺ മാറ്റിയാൽ വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികളും ദിവസ വേതനക്കാരും ഉൾപ്പടെ 21 പേരുടെ തൊഴിൽ നഷ്ടമാകുമെന്നും, മുന്നറിയിപ്പ് നൽകാതെയാണ് ഗോഡൗൺ മാറ്റുന്നതെന്നും ആരോപിച്ചാണ് തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം കടുത്തതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും തൊഴിലാളികളെയും യൂണിയൻ നേതാക്കളെയും ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തു. ഇതനുസരിച്ചുള്ള ചർച്ച ഇന്നലെ നെടുങ്കണ്ടം വ്യാപാരഭവനിൽ നടന്നു. സപ്ലൈകോഅധകൃതരും തൊഴിലാളി നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.
എന്നാൽ ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണ് ഗോഡൗൺ മാറ്റത്തിന് പിന്നിലെന്ന് തൊഴിലാളികൾ പറഞ്ഞു. സപ്ലൈക്കോയ്ക്ക് നെടുങ്കണ്ടത്ത് ഒരേക്കറോളം സ്ഥലം ഉണ്ട്. പഴയ താലൂക്ക് ഓഫീസിന് എതിർവശത്തായി കിടക്കുന്ന ഇവിടെ ഗോഡൗൺ നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ല. താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്തെ ഈ സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്. ഇവിടെ കെട്ടിടം നിർമ്മിച്ചാൽ ഉദ്യോഗസ്ഥർക്കും റേഷൻ വ്യാപാരികൾക്കും ഒരുപോലെ സൗകര്യപ്രദമാകുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.
15 ചുമട്ടുതൊഴിലാളികളാണ് താന്നിമൂട്ടിലെ സപ്ലൈകോ ഗോഡൗണിൽ ജോലി ചെയ്യുന്നത്. തൊഴിൽ കാർഡ് പ്രകാരം ഇവർക്ക് സപ്ലൈകോയുടെ ഗോഡൗണിൽ മാത്രമാണ് ജോലി നിശ്ചയിച്ചിരിക്കുന്നത്. ചുമട്ടുതൊഴിലാളികളെ കൂടാതെ ആറ് ദിവസവേതന തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഉടുമ്പൻചോല താലൂക്കിന്റെ അതിർത്തി മേഖലയിലാണ് വണ്ടൻമേട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ചിന്നക്കനാൽ, രാജാക്കാട് മേഖലകളിലേക്ക് റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനും ചെലവേറും. ഓരോ മാസവും ഈ ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടം സപ്ലൈകോയ്ക്ക് ഉണ്ടാകും എന്നാണ് തൊഴിലാളികളും വ്യാപാരികളും ചൂണ്ടിക്കാണിക്കുന്നത്.
".സർക്കാർ തീരുമാനപ്രകാരമാണ് ഗോഡൗൺ മാറ്റുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിലുള്ള താന്നിമൂട്ടിലെ ഗോഡൗണിൽ അടിസ്ഥാന സൗകര്യങ്ങളില്ല. മുമ്പ് അടിയന്തിര സാഹചര്യം ഉണ്ടായപ്പോഴാണ് താന്നിമൂട്ടിലേക്ക് ഗോഡൗൺ മാറ്റിയത്. എന്നാൽ ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം കെട്ടിടത്തിനില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോഡൗൺ വണ്ടൻമേട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചത്."
സപ്ളൈക്കോ അധികൃതർ