തൊടുപുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവിൽ ജനങ്ങളെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി പൊലീസ് പിടിയിലായ മുട്ടം എള്ളുംപുറം അരീപ്ലവിൽ സിബി തോമസിന്റെ (49) സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്തു. കട്ടപ്പനയിലെ ജില്ലാ ജി.എസ്.ടി ഓഫീസ് ഡെപ്യൂട്ടി കമ്മീഷണറാണ് തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന അരീപ്ലാവിൽ ഫൈനാന്‍സിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത് ഉത്തരവിറക്കിയത് .സ്ത്രീകളടക്കം നിരവധിയാളുകളെ കടക്കെണിയില്‍പ്പെടുത്തി കള്ള ക്കേസില്‍ കുടുക്കിയന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് സിബി പൊലീസ് കസ്റ്റഡിയിലായത്. റിമാന്‍ഡില്‍ കഴിയുന്ന സിബി തോമസിനതിരെ ഇന്നലെ രണ്ടാമത്തെ കേസിലും കുളമാവ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. അഞ്ച് കേസുകളാണ് നിലിവില്‍ കുളമാവ് പൊലീസ് അന്വേഷിക്കുന്നത്. മൂന്നു ലക്ഷം രൂപ മാത്രം സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചുള്ള ലൈസന്‍സ് മാത്രമുള്ള ഇയാളുടെ സ്ഥാപനം 2016 മുതല്‍ മണി ലെന്‍ഡ് ആക്ട് പ്രകാരമുള്ള ലൈസന്‍സ് ഉപയോഗിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ലൈസന്‍സ് എടുത്തത് മുതല്‍ വര്‍ഷംതോറും നല്‍കേണ്ട കണക്കുകള്‍ ജിഎസ്ടി വകുപ്പിന് സ്ഥാപനം കൈമാറിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥാപനത്തിൽ കോടികളുടെ പണമിടപാട് നടത്തുന്നതായി സർക്കാരിന്റെ വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണ ഏജൻസികളെ സ്വാധീനിച്ച് തുടർ അന്വേഷണം സിബി അട്ടിമറിക്കും. വായ്പയെടുക്കുമ്പോള്‍ ഈടായി നല്‍കുന്ന രേഖകള്‍ ഉപയോഗിച്ച് നിരവധിയാളുകളെ കടക്കെണിയില്‍ കുടുക്കുന്നതായി സ്ഥാപനത്തിനെതിരെ മൂന്ന് വര്‍ഷം മുമ്പ് പരാതി ഉയര്‍ന്നിരുന്നു. 2800 ഓളം ആളുകള്‍ക്ക് ഈ സ്ഥാപനത്തില്‍ നിന്ന് വായ്പ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ 1200 ലധികം പേര്‍ക്കെതിരെ സിബി തോമസ് കോടതിയില്‍ വ്യാജ കണക്കുകള്‍ എഴുതിച്ചേര്‍ത്ത് കേസ് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു പരാതി. ഇത് സംബന്ധിച്ച് പൊലീസും ജിഎസ്ടി വകുപ്പും സ്ഥാപനത്തെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഇടക്ക് എല്ലാം സ്തംഭിച്ചു. കെണിയിലാക്കിയ സ്ത്രീകളെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്ന കേസില്‍ പോലും സിബിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് താല്പര്യം കാണിച്ചില്ല എന്ന് പറയുന്നു.
ഓട്ടോതൊിലാളിയിൽ തുടങ്ങി...
പൊലീസ് -ഉദ്യോഗസ്ഥ - രാഷ്ട്രീയ പ്രമുഖരുടെ ബിനാമിയായതിനാലാണ് സിബിക്കെതിരെ നടപടിയുണ്ടാകാത്തതെന്ന് ആരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തുകയും പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പരാതിക്കാര്‍ കൂട്ടത്തോടെ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ അറസ്റ്റും മറ്റ് നടപടികളും.ജില്ലാ പൊലീസ് മേധാവി ആര്‍.കറുപ്പ സ്വാമിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കുളമാവ് സിഐ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ സിബി തോമസിനുണ്ടായ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പൊലീസിന് പുറമെ ഇന്‍കംടാക്‌സും വിശദമായ അന്വേഷണം നടത്തും. 2015-ല്‍ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന സിബി അടുത്തിടെ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന് കൊടുത്തിരിക്കുന്ന രേഖകള്‍ പ്രകാരം 11 കോടി രൂപായുടെ ആസ്തിയാണുള്ളത്. എന്നാൽ ഇയാൾ കോടതിയിൽ നൽകിയ വിവിധ കേസുകളിൽ 30 കൊടി രൂപയാണുള്ളത്. ഇയ്യാള്‍ക്കെതിരെ വിവിധപൊലീസ് സ്റ്റേഷനുകളിലും കോടതിയിലും നിരവധി വഞ്ചനാ കേസുകളും മാനഭംഗ കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കുബേരക്കേസിലും സിബി തോമസ് നേരത്തെ അറസ്റ്റിലായിട്ടുണ്ട്. സിബി അറസ്റ്റിലായതോടെ കൂടുതലാളുകള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.