azhumuttam
ഏഴുമുട്ടം ചാലിശ്ശേരി റോഡ്‌

കരിമണ്ണൂർ: റോഡിന്റെ നവീകരണത്തിന് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചു, കരാറെടുത്തയാൾ മെല്ലപ്പോക്ക് യുടരുന്നതോടെ നാട്ടുകാർ ദുരിതത്തിലായി. കരിമണ്ണൂർ - ചാലശ്ശേരി - ഏഴുമുട്ടം റോഡിന്റെ നവീകരണത്തിനാണ് ജില്ലാപഞ്ചായത്തിൽ നിന്ന് 10 ലക്ഷവും ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 5 ലക്ഷവും അനുവദിച്ചത്. എന്നാൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് കരാർ ഏറ്റെടുത്ത വ്യക്തി റോഡ് നവീകരണത്തിനോട് മുഖം തിരിക്കുകയാണെന്ന് ജനങ്ങൾ പറയുന്നു. ജില്ലാപഞ്ചായത്തിന്റെ കഴിഞ്ഞ വാർഷിക പദ്ധതികളിൽ അംഗീകാരം ലഭിച്ച ആദ്യ പദ്ധതികളിൽ ഒന്നായിരുന്നു ഇത്. സമയത്ത് പണികൾ തുടങ്ങാതെ സാമ്പത്തിക വർഷം അവസാനം പദ്ധതി സ്പിൽ ഓവറിൽ ഉൾപെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് പ്രദേശവാസികൾ സംഘടിച്ച് അധികൃതരെ സമീപിച്ചപ്പോൾ ഉടൻ പണികൾ തുടങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത്‌ സംബന്ധിച്ച് ഒരു കാര്യവും നടത്തിയിട്ടില്ല എന്നും ജനങ്ങൾ പറഞ്ഞു.

ഇതേ കരാറ്കാരൻ ഏറ്റെടുത്ത വണ്ണപ്പുറം പഞ്ചായത്തിലെ മുട്ടുകണ്ടം ചേലച്ചുവട് റോഡും കൃത്യമായി പൂർത്തീകരിക്കാത്തതിനെ തുടർന്ന് തുക സ്പിൽ ഓവറായി. ഈ അവസ്ഥ ജില്ലാ പഞ്ചായത്തിന്റെ മിക്കവാറും നിർമ്മാണ പ്രവർത്തികളിൽ വർഷങ്ങളായി തുടരുകയാണ്. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെത്തുടർന്ന് നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാതിരിക്കുകയും പിന്നീട് തുക ഉയർത്തി നൽകി വൻ അഴിമതി നടത്താനുമുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇത്തരം പ്രവർത്തികളിൽ സംഭവിക്കുന്നതെന്നുമാണ് പരാതി ഉയരുന്നത്.