തൊടുപുഴ: അടിക്കടി വേനൽ മഴ പെയ്തിട്ടും പകൽ ചൂടിൽ ഉരുകുകയാണ് ഇടുക്കി. വൈകുന്നേരങ്ങളിൽ കനത്ത മഴ പെയ്താലും അടുത്ത ദിവസം ഉച്ചയ്ക്കു മുമ്പ് തന്നെ ചൂടിന്റെ കാഠിന്യം അറിഞ്ഞു തുടങ്ങും. ലോറേഞ്ച് മേഖലകളിലെ കൂടിയ താപനില 34- 35 ഡിഗ്രി സെൽഷ്യസ് വരെയാണെങ്കിലും അനുഭവപ്പെടുന്ന ചൂട് ഇതിലും ഏറെയാണ്. അന്തരീക്ഷ ആർദ്രതയിലെ വ്യതിയാനമാണ് ചൂട് കൂടുതൽ അനുഭവപ്പെടാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. മൂടിക്കെട്ടിയ കാലാവസ്ഥയും ഉഷ്ണത്തിന് കാരണമാകുന്നുണ്ട്. കാലാവസ്ഥ പ്രവചനാതീതമായി മാറിയതോടെ ജനം വലയുകയാണ്. പുറത്തിറങ്ങുമ്പോൾ കുട ചൂടണം.
കാലാവസ്ഥ പ്രവചനാതീതമായി മാറിയതോടെ ജനം വലയുകയാണ്. ചൂടിൽ നിന്ന് രക്ഷനേടാൻ പുറത്തിറങ്ങുമ്പോൾ കുട ചൂടേണ്ട അവസ്ഥയാണ്. ബേക്കറികളിൽ ജ്യൂസുകൾക്കും മറ്റു ശീതള പാനിയങ്ങൾക്കും തിരക്കേറി. കുപ്പിവെള്ള വിൽപനയും പൊടിപൊടിക്കുകയാണ്. ഓഫിസുകളിലും മറ്റും ഉപയോഗിക്കുന്ന 20 ലീറ്ററിന്റെ ജാർ വെള്ളത്തിനും ഇപ്പോൾ വിൽപന കൂടിയിട്ടുണ്ട്. വൈദ്യുതി ഉപഭോഗവും കുതിച്ചുയർന്നു. എസി, ഫാൻ വിൽപനയും വർദ്ധിച്ചിട്ടുണ്ട്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് സീസണിലും കച്ചവടം കുറവായിരുന്നെങ്കിലും ഇത്തവണ ജനുവരി മുതൽ എസി വിൽപന സജീവമാണ്.
വേനൽ മഴ കനക്കുന്നു
വേനൽക്കാലം പകുതി പിന്നിട്ടപ്പോൾ തന്നെ ജില്ലയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ മഴ ലഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടി മഴയെത്തി. മുൻ ആഴ്ചകളിൽ വേനൽമഴയ്‌ക്കൊപ്പമുണ്ടായ ശക്തമായ കാറ്റും ഇടിമിന്നലും ജില്ലയിൽ പലയിടങ്ങളിലും നാശം വിതച്ചു. മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ 150.2 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് ലഭിച്ചത് 274.1 മില്ലീമീറ്റർ മഴയാണ്. 82 ശതമാനം അധിക മഴ ലഭിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ ഇന്നലെ യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. നിലവിൽ അടുത്ത ദിവസങ്ങളിൽ മഴ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. അതേസമയം, 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മേയ് ആദ്യത്തോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്.