തൊടുപുഴ: ജില്ലയിലെ ആദിവാസി കോളനികളിലെ ജീവിത സാഹചര്യം മെച്ചപ്പെടുത്തണമെന്ന് കേരള ദലിത് പാന്തേഴ്സ്, കേരള ആദിവാസി ഫോറം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചിന്നക്കനാൽ വില്ലേജിലെ 301 കോളനിയിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. കോളനി നിവാസികൾ പല സർക്കാർ ഓഫീസുകളിലും പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും അനുഭാവപൂർവമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.മുടങ്ങിക്കിടക്കുന്ന ഫെൻസിങ് ജോലികൾ തീർത്ത് കാട്ടാനകളുടെ ഉപദ്രവങ്ങളിൽ നിന്ന് മനുഷ്യരെയും കൃഷിയെയും സർക്കാർ സംരക്ഷിക്കണം. സൂര്യനെല്ലി, വിലക്ക് എന്നീ കോളനികളിലും സമാനമായ സാഹചര്യമാണുള്ളത്. പ്രാഥമിക ആവശ്യങ്ങളായ കുടിവെള്ളം, റോഡ് എന്നിവ ലഭ്യമല്ലാത്ത കാരണം കോളനികളിൽ കൃഷി ചെയ്യാനോ വാഹനസൗകര്യമോയില്ല. അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ ജില്ലയിലെ ദലിത്- ആദിവാസി സംഘടനകളെയും ചേർത്ത് വലിയ പ്രക്ഷോഭം നടത്തും. റവന്യു വകുപ്പ് പട്ടയം നൽകിയ ഭൂമി ഒരേക്കറിന് 15 ലക്ഷം രൂപ നൽകി ആന പാർക്ക് നിർമ്മിക്കാനെന്ന പേരിൽ വനംവകുപ്പ് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും ആദിവാസികളിൽ നിന്ന് എഴുതി വാങ്ങുകയാണ്. മനുഷ്യ ജീവനേക്കാൾ ആനകളുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. കേരള ദലിത് പാന്തേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സുധീർകുമാർ, കേരള ആദിവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് മോസസ് പി.എൻ, ജില്ലാ പ്രസിഡന്റ് മിനി തങ്കച്ചൻ, വൈസ് പ്രസിഡന്റ് കെ.കെ. രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി ബേബി സി.കെ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.