കട്ടപ്പന: കളിചിരിയും വിജ്ഞാനവും ഒപ്പം ഹൈടെക് സൗകര്യങ്ങളും അണിയിച്ചൊരുക്കിയിരിക്കുകയാണ് പേഴുംകവല അംഗണവാടി. കട്ടപ്പന നഗരസഭാ പരിധിയിൽ പേഴുംകവലയിലെ പഴയ അംഗണവാടിയോട് ചേർന്ന് പുതിയതായി നിർമാണം പൂർത്തിയാക്കിയിരിക്കുന്ന അംഗണവാടിയിലാണ് 'ഛായം' പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങൾ ഒരുങ്ങുന്നത്. ഇത്തരത്തിൽ സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട 145 അംഗണവാടികളിൽ ഒന്നാണ് പേഴുംകവലയിലേത്. ഹൈടെക് രീതിയിൽ ജില്ലയിൽ ആദ്യം നിർമാണം പൂർത്തിയാക്കുന്ന അംഗണവാടികളിൽ ഒന്നുമാണിത്. 28 കുട്ടികളുമായി നല്ല നിലയിലാണ് പ്രവർത്തിക്കുന്നത്. ക്ലാസിനകത്തും പുറത്തും കളി ഉപകരണങ്ങളും മുറിക്കുള്ളിൽ ചെറുകസേരകളും വിശാലമായ പഠനമേശയും ചുമരുകളിലാകെ വർണ്ണചിത്രങ്ങളും കൊണ്ട് അണിയിച്ച് ഒരുക്കിയിരിക്കുകയാണ്. മുറ്റത്ത് കുട്ടികൾക്ക് ചാടി കളിക്കുന്നതിനും ഊഞ്ഞാൽ ആടുന്നതിനുമൊക്കെയായി ചെറുപാർക്കിന് സമാനമായ റൈഡുകളും ഉണ്ട്. നവീകരണത്തിൽ ഏറെ ശ്രദ്ധേയം തറയിൽ മാറ്റിന് പകരമായി ഉപയോഗിച്ചിരിക്കുന്ന സിന്തറ്റിക് നിർമിത ടൈൽ ആണ്. കുട്ടികൾ ഇതിൽ വീണാലും പരിക്കേൽക്കുകയോ മറ്റ് പ്രയാസങ്ങളോ ഉണ്ടാകില്ല എന്നതാണ് പ്രത്യേകത.
പുതുമോടി
അഡ്വ:ജോയ്‌സ് ജോർജ് എം.പിയായിരിക്കെ 10 ലക്ഷം രൂപ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അനുവദിച്ച് നൽകിയിരുന്നു. വിശാലമായ ക്ലാസ് മുറി, അടുക്കള, ശുചിമുറി എന്നിവയും സ്റ്റോർ റൂമും അടങ്ങുന്ന കെട്ടിടമാണ് ഈ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയത്. ഇതിന് ശേഷമാണ് 'ഛായം' പദ്ധതിയുടെ ഭാഗമായി പേഴുംകവല അംഗൻവാടിയെ തിരഞ്ഞെടുത്തതും നവീകരണ പ്രവർത്തനങ്ങൾ നടത്തിയതും. രണ്ടു ലക്ഷം രൂപയുടെ മോടിപിടിപ്പിക്കൽ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.