തൊടുപുഴ: വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ മദ്ധ്യവയസ്കന് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക ശിക്ഷ അനുഭവിക്കണം. ചിന്നക്കനാൽ ആലക്കൽ വീട്ടിൽ കരുണാകരനെയാണ് (53) തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി ജി. അനിലാണ് ശിക്ഷ വിധിച്ചത്. 2016 ഒക്ടോബർ 24നായിരുന്നു കേസിനാസ്പദമായ സംഭവം. ശാന്തൻപാറ എസ്.ഐയായിരുന്ന കെ.പി. രാധാകൃഷ്ണനും സംഘവും നടത്തിയ പരിശോധനയിൽ കരുണാകരന്റെ വീടിന് പിറകിൽ നിന്ന് എട്ട് കഞ്ചാവുചെടികളാണ് കണ്ടെത്തിയത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.