
ഇടുക്കി: ഭക്ഷ്യസുരക്ഷാ വിഭാഗം മത്സ്യ മൊത്തവിൽപ്പന കേന്ദ്രങ്ങളിലും മീൻ കടകളിലും നടത്തിയ പരിശോധനയിൽ ഇന്നലെയും 107 കിലോ പഴകിയ മീൻ പിടികൂടി നശിപ്പിച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി തൊടുപുഴ, നെടുംങ്കണ്ടം, എന്നീ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് 107 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത ചൂര, നത്തോലി, കിളിമീൻ തുടങ്ങിയ മീനുകൾ പിടികൂടിയത്. പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി തോന്നിയ കൊഴുവ, കേര, അയല, കിളി, ഓലക്കുടി എന്നീ മീനുകളുടെ 19 സാമ്പിളുകൾ കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലാബിൽ പരിശോധനയ്ക്കായി അയച്ചു. തൊടുപുഴ ഭക്ഷ്യസുരക്ഷാ ഓഫീസർ ഷംസിയാ എം.എൻ, ഉടുമ്പൻചോല ഭക്ഷ്യസുരക്ഷാ ഓഫീസർ ആൻ മേരി ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കടകളിൽ പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നിന്ന് ലാബിൽ വിശദ പരിശോധനയ്ക്കായി അയച്ച മത്സ്യസാമ്പിളുകളിലൊന്നും രാസപദാർത്ഥങ്ങളുടെ അംശം കണ്ടെത്തിയിട്ടില്ല.