നെടുങ്കണ്ടം: രാമക്കൽമേട്ടിന് സമീപം ബാലൻപിള്ളസിറ്റിയിൽ നിന്നും ചന്ദന മരങ്ങൾ മോഷണം പോയ സംഭവത്തിൽ വനംവകുപ്പും പൊലീസും പരിശോധന നടത്തി. വനംവകുപ്പ് വിജിലൻസ് ഡി.എഫ്.ഒ. ഷാൻട്രി ടോം, കുമളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്.എൽ.സുനിൽലാൽ, ഇടുക്കി ഫ്ലയിങ് സ്വാഡ് റേഞ്ച് ഓഫീസർ പ്രിയ.ടി.ജോസഫ്, നഗരസഭാ റേഞ്ച് ഓഫീസർ സി.ഉദയഭാനു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ജി.മുരളി, ബി.എഫ്.ഒ.മാരായ പ്രിയേഷ്, സുനീഷ്. . എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലപരിശോധന നടത്തിയത്. സ്ഥലത്തുനിന്നും കടത്തിയ എട്ട് ചന്ദന മരങ്ങളുടെ കുറ്റികളിൽ വനംവകുപ്പ് വിവരങ്ങൾ രേഖപ്പെടുത്തി. മോഷ്ടാക്കൾ ഉപേക്ഷിച്ച് പോയ ചന്ദനമരങ്ങളുടെ ശിഖരങ്ങൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നെടുങ്കണ്ടം സി.ഐ. ബി.എസ്.ബിനു അറിയിച്ചു. സഹോദരങ്ങളുടെ കൃഷിയിടങ്ങളിൽ നിന്നും 19 ചന്ദന മരങ്ങളാണ് മുറിച്ച് കടത്തിവിട്ടത്. കഴിഞ്ഞ ഒരാഴ്ചക്കിലാണ് ഏലത്തോട്ടത്തിൽ നിന്നിരുന്ന ചന്ദന മരങ്ങൾ മോഷ്ടിക്കപ്പെട്ടത്. സംഭവത്തിൽ സ്ഥലം ഉടമകളായ ബാലൻപിള്ളസിറ്റി പല്ലാട്ട് രാഹുൽ, രാമക്കൽമെട്ട് കാവുങ്കൽ സജിമോന്റെ ഭാര്യ രാഖിമോൾ എന്നിവർ നെടുങ്കണ്ടം പൊലീസിലും വനംവകുപ്പ് കല്ലാർ സെക്ഷൻ ഓഫീസിലും പരാതി നൽകുകയായിരുന്നു.സഹോദരങ്ങളായ രാഹുലിനും രാഖിക്കും കുടുംബ സ്വത്തായി ലഭിച്ച സ്ഥലത്തുനിന്നും ചന്ദനമരങ്ങൾ മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ നാല് ദിവസമായി ഏലത്തോട്ടത്തിൽ പണികൾ നടക്കുന്നില്ല. വെള്ളിയാഴ്ച പണികൾ പുനരാരംഭിക്കുന്നതിനായി തോട്ടത്തിൽ എത്തിയപ്പോഴാണ് മരങ്ങൾ മുറിച്ച് കടത്തിയ വിവരം അറിയുന്നത്.മരങ്ങളുടെ കുറ്റിയും ശിഖരങ്ങളും കൃഷിയിടത്തിൽ തന്നെ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി മേഖലയിൽ നിന്നും നിരവധി ചന്ദനമരങ്ങളാണ് മോഷണം പോയത്. ഒരിടവേളയ്ക്ക് ശേഷം മോഷണം വ്യാപകമായ സാഹചര്യത്തിൽ രാത്രികാല പെട്രോളിംഗ് ശക്തമാക്കാൻ വനംവകുപ്പ് കല്ലാർ സെക്ഷൻ നിർദ്ദേശം നൽകി.