തൊടുപുഴ : പത്താമുദായത്തോടനുബന്ധിച്ച് കാഡസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള വിത്ത് മഹോത്സവനഗറിൽ പത്താമുദയ ദിവസം വൻതിരക്കാണ് അനുഭവപ്പെട്ടത്. വിത്ത് വിതക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണെന്ന പഴമക്കാരുടെ വിശ്വാസം ഏറ്റെടുത്തുകൊണ്ടാണ് കർഷകർ വിത്തുകളും തൈകളും വൻതോതിൽ ശേഖരിച്ചത്. പച്ചക്കറിതൈകളും വിത്തുകളും ഫലവൃക്ഷതൈകളുമാണ് ആളുകൾ വാങ്ങിയത് കൂടാതെ ഇഞ്ചി, മഞ്ഞൾ, ചേന , ഞാറ്റുവേലകൾ നോക്കി വിത്തിറക്കലും തൈ നടലുമെല്ലാം അവർ കാർഷികപ്രവർത്തനങ്ങളെ പ്രായോഗിക തലത്തിൽ ചിട്ടപ്പെടുത്തിയിരുന്നു. തൈകൾ നടാനുള്ള ഏറ്റവും നല്ല ദിവസമായി പഴമക്കാർ ചിട്ടപ്പെടുത്തിയതും പത്താമുദയ ദിവസമാണ് . ഈ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി കാഡ്‌സ് വർഷം തോറും നടത്തിവരുന്ന വിത്ത് മഹോത്സവം കർഷകർക്ക് വലിയ ആവേശമാണ് പകരുന്നത് . മേളയുടെ ഭാഗമായി 'പോത്തുകുട്ടി വളർത്തലും , മാംസവിപണിയുടെ വിദേശതൊഴിൽ സാദ്ധ്യതകളും ' എന്ന വിഷയത്തിൽ .ഡോ.കെ ദാസൻ , ബിന്ദു സുബ്രഹ്മണ്യൻ എന്നിവർ ക്ലാസ് നയിച്ചു .സംസ്ഥാനത്തെ മികച്ച മട്ടുപ്പാവ് കൃഷി അവാർഡ് ജേതാവ് പുന്നൂസ് ജേക്കബിനെ യോഗത്തിൽ ആദരിച്ചു. ഡോ കെ ജെ കുര്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ ജയൻ , അലോഷി ജോസഫ് എന്നിവർ ആശംസകൾ നേർന്നു.