കട്ടപ്പന : മലയോര ഹൈവേയുടെ ഭാഗമായ നരിയംപാറ മുതൽ കട്ടപ്പന ഇടുക്കി കവല വരെ പുനർനിർമ്മിക്കുന്നതിനും ഇരുപതേക്കർ പാലം പുതുക്കി പണിയുന്നതിനുമായി 17.30 കോടി രൂപ അനുവദിച്ച് ടെണ്ടർ നടപടികൾ സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പീരുമേട്‌ദേവികുളം റോഡിന്റെ ഭാഗമായ ഇടുക്കി നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന ഭാഗമാണിത്. ഒന്നാം ഘട്ടമായി മേരികുളം മുതൽ നരിയംപാറ വരെയുള്ള നിർമ്മാണത്തിന് 56.72 കോടി രൂപ അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തിയായിരുന്നു. ശേഷിക്കുന്ന ഭാഗത്തെ നിർമ്മാണത്തിനാണ് രണ്ടാം ഘട്ടമായി തുക അനുവദിച്ചിട്ടുള്ളത്.

ശബരിമലയിലേക്ക് യാത്രചെയ്യുന്നതിന് തമിഴ്‌നാട് ആന്ധ്ര ഉൾപ്പടെയുള്ള സംസ്ഥാനത്തുനിന്നും ജില്ലയുടെ മലയോര മേഖലകളിൽ നിന്നും ഏറ്റവുംമധികം ആശ്രയിക്കുന്ന പ്രധാന റോഡുകൂടിയായ മലയോര ഹൈവേ പൂർത്തിയാക്കുന്നതിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് മന്ത്രി റോഷി അഗസ്റ്റിൻ അഭ്യർത്ഥിച്ചതിനെത്തുടർന്ന് നടപടി വേഗത്തിലാക്കുകയായിരുന്നു. ഇടുക്കി-പത്തനംതിട്ട-കോട്ടയം ജില്ലകളെത്തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും ഗതാഗത തിരക്കേറിയ റോഡുകൂടിയാണിത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കെ.ആർ.എഫ്.ബി യാണ് നിർമ്മാണച്ചുമതലയെന്നും ടെണ്ടർ നടപടി പൂർത്തിയാക്കി നിർമ്മാണം സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

റോഡിന് ഹൈടെക് നിലവാരം

12 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിന് 9 മീറ്റർ ബി.എംആന്റ് ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തും. ഐറിഷ് ഓട, ഫുട്പാത്ത് , സിഗ്‌നൽ ലൈറ്റുകൾ, സൈൻ ബോർഡുകൾ എന്നിവയും പ്രവർത്തിയിലുൾപ്പെട്ടിട്ടുണ്ട്. ഇരുപതേക്കർ ജംഗ്ഷനിലും ഓക്‌സീലിയം സ്‌കൂൾ ജംഗ്ഷനിലും വെയിറ്റിംഗ് ഷെഡ് നിർമ്മിക്കും.