കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ കൊവിഡ്കാല പഠന വിടവ് നികത്താനായി നടത്തുന്ന അവധിക്കാല പരിശീലനപരിപാടി 'സമ്മർ വൈബ്‌സ്' 26ന് ആരംഭിക്കും. കരിമണ്ണൂർ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും പുതിയതായി അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്കുമായാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ആദ്യ ഘട്ടത്തിൽ ചിത്രരചന, സംഗീതം, പ്രവൃത്തിപരിചയം, അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാഡ്മിന്റൺ, ഹോക്കി എന്നിവയിലാണ് പ്രത്യേക പരിശീലനം നൽകുക. രണ്ടാം ഘട്ടത്തിൽ ഭാഷാവിഷയങ്ങൾ, ഗണിതം, ശാസ്ത്രവിഷയങ്ങൾ എന്നിവയ്ക്ക് പ്രത്യേക പരിശീലനവും നൽകും. നഷ്ടപ്പെട്ടുപോയ പഠനശീലങ്ങളെ കളിയിലൂടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികളിലേയ്ക്ക് തിരികെയെത്തിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. ഇതോടൊപ്പം പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചിരിക്കുന്ന പോയ വർഷത്തെ വിലയിരുത്തലും പുതിയ അദ്ധ്യയനവർഷത്തെ പദ്ധതിനിർമാണ പരിപാടിയും 'ഓപ്പൺ ഹൗസ്' എന്നപേരിൽ ചൊവ്വാഴ്ച നടത്തുമെന്ന് ഹെഡ്മാസ്റ്റർ സജി മാത്യു അറിയിച്ചു. സ്‌കൂൾ മാനേജർ, തദ്ദേശസ്വയംഭരണസ്ഥാപന മേധാവികൾ, പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകും.