ഇടുക്കി: നീലക്കുറിഞ്ഞിയുടെ നാടായ മൂന്നാറിൽ സഞ്ചാരികളെ വരവേൽക്കുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മേയ് ഒന്ന് മുതൽ 10 വരെ മൂന്നാർ ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡനിൽ പുഷ്‌പോത്സവം സംഘടിപ്പിക്കുന്നു.

ആറ് ഏക്കറോളം വരുന്ന സ്ഥലത്ത് പതിനായിരത്തോളം വ്യത്യസ്തങ്ങളായ പുഷ്പങ്ങളും പൂച്ചെടികളും വിദേശയിനം ചെടികളുമാണ് പുഷ്‌പോത്സവത്തിലുള്ളത്. 3000 റോസ്, 2000 ലധികം ഡാലിയ, ഇറക്കുമതി ചെയ്ത ഒലിവ്, മാഗ്നോലിയ എന്നിവയും ഇതിലുൾപ്പെടും. മൂന്നാർ ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് പുഷ്‌പോദ്യാനം ഒരുക്കുന്നത്. രണ്ട് വാരാന്ത്യങ്ങളിലുൾപ്പെടെ പത്തു ദിവസം കൊണ്ട് പതിനായിരത്തോളം സന്ദർശകരെയാണ് ഡി.ടി.പി.സി പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തുടനീളം ടൂറിസം പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുമ്പോഴാണ് മൂന്നാർ പുഷ്‌പോത്സവം ആരംഭിക്കുന്നതെന്നത് ശ്രദ്ധേയമാണെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മൂന്നാർ സന്ദർശിക്കാനെത്തുന്നവർക്ക് പുഷ്‌പോത്സവം വലിയ ആകർഷണമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള മികച്ച അവസരമാണ് പുഷ്‌പോത്സവത്തിലൂടെ മൂന്നാറിന് കൈവന്നിരിക്കുന്നതെന്ന് ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞു.

പുഷ്‌പോത്സവത്തിനൊപ്പം കലാസന്ധ്യ, രുചിയുടെ വ്യത്യസ്തകളുമായി ഭക്ഷണശാലകൾ എന്നിവയും സജ്ജീകരിക്കും. വരുംവർഷങ്ങളിലും ബൊട്ടാണിക്കൽ ഗാർഡനിൽ പുഷ്‌പോത്സവം സംഘടിപ്പിക്കാനും ഡി.ടി.പി.സി ഉദേശിക്കുന്നുണ്ട്. അവധിക്കാലത്ത് മൂന്നാറിന്റെ പുത്തൻ ആകർഷണമായി പുഷ്‌പോത്സവത്തെ മാറ്റുകയാണ് ലക്ഷ്യം.