കരിമണ്ണൂർ: വീട്ട് മുറ്റത്തിരുന്ന ബൈക്ക് രാത്രിയുടെ മറവിൽ മോഷ്ടിക്കാൻ ശ്രമിച്ചതായി പരാതി. കുറുമ്പാലമറ്റം മാണിക്കുന്നേൽ പീടിക വട്ടക്കുടിയിൽ ജോമോന്റെ ഉടമസ്ഥതയിലുള്ള യമഹ എഫ്‌സി ബൈക്കാണ് ശനിയാഴ്ച രാത്രി വീട്ട് മുറ്റത്ത് നിന്ന് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്. വാർഡ് മെമ്പറായ വിജി ജോമോന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. താക്കോൽ ഇല്ലാതിരുന്നതിനാൽ ബൈക്ക് തള്ളിമാറ്റി വണ്ടമറ്റം റോഡിലെത്തിച്ച് സ്റ്റാർട്ടാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ശ്രമം വിഫലമായതോടെ മോഷ്ടാക്കൾ ബൈക്കിന്റെ ഇലക്ട്രിക്ക് വയറുകളും പെട്രോൾ ടാങ്കിലേക്കുള്ള ഹോസുകളും മുറിച്ചിട്ട് റോഡിൽ ഉപേക്ഷിച്ച് കടന്നു. വീട്ടുമുറ്റത്ത് രാവിലെ ബൈക്ക് കാണാതിരുന്നതിനെ തുടർന്ന് വീട്ടുടമ അന്വേഷിച്ചെത്തിയപ്പോഴാണ് ബൈക്ക് നടുറോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും പെട്രോൾ ഊറ്റിയ നിലയിലായിരുന്നു. പരിശോധിച്ചപ്പോൾ ബൈക്കിന്റെ കാർബറേറ്ററും സെൻസർ വയറുകളും നശിപ്പിച്ചതായും കണ്ടെത്തി. തിരികെ ബൈക്ക് തള്ളി വീട്ടിലെത്തിച്ചപ്പോൾ വീടിന്റെ വരാന്തയിൽ പെട്രോൾ കുപ്പിയിലാക്കി വെച്ചിരിക്കുന്ന നിലയിൽ കണ്ടെത്തുകയും ചെയ്തു. രാത്രി രണ്ടിന് ശേഷമാണ് മോഷണം ശ്രമം നടന്നതെന്നാണ് സംശയം. ഇതുസംബന്ധിച്ച് കരിമണ്ണൂർ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശവാസിയുടെ സി.സി ടി.വി ക്യാമറയിലെ ദൃശ്യങ്ങളും പരിശോധിക്കും. പ്രദേശത്ത് കഞ്ചാവ്, മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനം ശക്തമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ വാർഡ് മെമ്പർ പൊലീസിൽ പരാതി നൽകിയിട്ടുള്ളതാണ്.