നെടുങ്കണ്ടം: ദുരൂഹതകൾക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസം മോഷണം പോയ ചന്ദനതടികൾ രാമക്കൽമേടിന് സമീപം സ്വർഗ്ഗംമെട്ടിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിനുള്ളിൽ കണ്ടെത്തി. 60 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ ഇരുപതോളം ചന്ദനത്തടി കഷ്ണങ്ങൾ ഉണ്ട്. വനംവകുപ്പിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദന തടികൾ മരുതുംമൂട്ടിൽ അൻസാരി എന്നയാളുടെ സ്ഥലത്തുള്ള കിണറ്റിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാമക്കൽമേട്, ബാലൻപിള്ള സിറ്റി തുടങ്ങിയ സ്ഥലങ്ങളുടെ സമീപ പ്രദേശത്ത് നിന്ന് നിരവധി ചന്ദനതടികൾ മോഷണം പോയിരുന്നു. സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കിണറ്റിൽ വെട്ടിക്കീറി കഷ്ണങ്ങളാക്കിയ നിലയിലുള്ള ചന്ദനത്തടികൾ പ്രത്യക്ഷപ്പെട്ടത്. തടികൾ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ തിങ്കളാഴ്ച പുറത്തെടുക്കാനാണ് തീരുമാനം. ശനിയാഴ്ച വൈകിട്ടോടെ ചന്ദന മരത്തിന്റെ തൊലി കണ്ട് പ്രദേശവാസി നടത്തിയ പരിശോധനയിലാണ് കിണറ്റിൽ നിന്ന് തടിക്കഷ്ണങ്ങൾ കണ്ടെത്തിയത്. തുടർന്ന് വിവരം വനംവകുപ്പ് കല്ലാർ സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇരുട്ടായിരുന്നതിനാൽ തടി ചന്ദനമാണോയെന്ന് ഉറപ്പിക്കാനായില്ല. ഇന്നലെ രാവിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി. ഉദയഭാനു, ബി.എഫ്.ഒ ടി.എസ്. സുനീഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് ചന്ദനത്തടികൾ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ചന്ദനത്തടികൾ കിണറ്റിൽ എങ്ങിനെയെത്തി എന്നത് സംബന്ധിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി. പ്രദേശത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങൾ വനംവകുപ്പ് പരിശോധിച്ച് വരികയാണ്. ചന്ദനത്തടികൾ കണ്ടെത്തിയ വിവരം കല്ലാർ സെക്ഷനിലെ ഉദ്യോഗസ്ഥർ കുമളി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഴമുള്ള കിണറ്റിൽ വിഷവാതകത്തിന്റെ സാന്നിദ്ധ്യം ഉണ്ടാവാൻ സാധ്യതയുണ്ട്. അടിത്തട്ടിൽ ജീവവായുവിന്റെ ലഭ്യതയും കുറവായിരിക്കും. ഇതിനാലാണ് ചന്ദനത്തടി പുറത്തെടുക്കാൻ വനംവകുപ്പ് തിടുക്കം കാട്ടാത്തത്. കുമളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സഹായം ആവശ്യപ്പെട്ട് അഗ്നിരക്ഷാസേനയ്ക്ക് കത്ത് നൽകുമെന്നാണ് വിവരം. തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ തടിക്കഷ്ണങ്ങൾ പുറത്തെടുക്കും.