കട്ടപ്പന: ഗർഭിണിയായ ഭാര്യയ്ക്ക് വിശ്രമം നൽകാൻ വേണ്ടി പാചകം ഏറ്റെടുത്ത യുവാവിന് പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ദാരുണാന്ത്യം. കൊച്ചുതോവാള പൂവേഴ്‌സ് മൗണ്ട് ഊര്യകുന്നത്ത് ഷിബു ഡാനിയേലാണ് (39) മരിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഒരാഴ്ചയായി ഷിബുവാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. പ്രഭാത ഭക്ഷണമുണ്ടാക്കുന്നതിനിടെ കുക്കറിനുള്ളിൽ മർദ്ദം വർദ്ധിച്ച് വലിയ ശബ്ദത്തോടെ അടപ്പ് ഊരിത്തെറിച്ച് ഷിബുവിന്റെ തലയിൽ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ അയൽവാസികൾ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് 4.30 ഓടെ മരിച്ചു. തലച്ചോറിനുള്ളിലുണ്ടായ പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ജിൻസിയാണ് ഭാര്യ. മക്കൾ: അന്ന, ഹെലൻ.