ഇടുക്കി: ഒരിടവേളയ്ക്ക് ശേഷം ചന്ദനമാഫിയ പിടിമുറുക്കുമ്പോൾ പൊലീസും വനംവകുപ്പും ഇരുട്ടിൽ തപ്പുന്നു. രാമക്കൽമേട് മേഖലയിൽ ചന്ദനമാഫിയ തഴച്ചുവളരുകയാണ്. ജില്ലയിൽ മറയൂർ കഴിഞ്ഞാൽ സ്വാഭാവികമായി ചന്ദനമരങ്ങൾ കൂടുതൽ വളരുന്നത് പട്ടംകോളനി മേഖലയിലെ സ്വകാര്യ ഭൂമിയിലാണ്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 250ലധികം ചന്ദനമരങ്ങളാണ് ഈ ഭാഗത്ത് നിന്ന് മോഷണം പോയത്. നെടുങ്കണ്ടം, എഴുകുംവയൽ, വലിയതോവാള, തൂക്കുപാലം, രാമക്കൽമേട്, ചോറ്റുപാറ മേഖലകളിൽനിന്ന് നൂറോളം ചന്ദനമരങ്ങൾ ഒരു വർഷത്തിനിടയിൽ മുറിച്ചുകടത്തി. തൂക്കുപാലം മേഖലയിൽ അമ്പതേക്കർ ഭാഗത്തുനിന്ന് സ്വകാര്യ വ്യക്തിയുടെ ഒരുലക്ഷത്തോളം രൂപയുടെ ചന്ദനമരമാണ് മാസങ്ങൾക്ക് മുമ്പ് മോഷ്ടിച്ച് കടത്തിയത്. മാസങ്ങൾക്ക് മുമ്പ് മുണ്ടിയെരുമ, ചോറ്റുപാറ, തൂക്കുപാലം മേഖലകളിൽ ചന്ദനമരം മോഷണപരമ്പര അരങ്ങേറിയിരുന്നു. മുണ്ടിയെരുമയിൽ നിന്ന് നിരവധി ചന്ദനമരങ്ങൾ മുമ്പ് പലതവണ മുറിച്ചുകടത്തി. റവന്യൂ ഭൂമിയിൽനിന്നും സ്വകാര്യ പുരയിടത്തിൽനിന്നുമാണ് ചന്ദനമരങ്ങൾ അന്ന് മോഷണംപോയത്. എന്നാൽ, ഒരുകേസിൽ പോലും പ്രതികളെ കണ്ടെത്താൻ പൊലീസിനോ വനംവകുപ്പിനോ കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം ബാലൻപിള്ള സിറ്റിയിൽ 15ഓളം മരങ്ങൾ മുറിക്കുകയും വലുപ്പമുള്ള അഞ്ച് മരങ്ങൾ കടത്തിക്കൊണ്ടുപോവുകയും ചെയ്തു. ഇതാണ് ശനിയാഴ്ച രാമക്കൽമേട്ടിന് സമീപത്ത് നിന്ന് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ഒരു ചന്ദനമരത്തിന് ശരാശരി 50 മുതൽ 100 കിലോ വരെ തൂക്കമുണ്ടാകും. അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കിലോ ചന്ദനത്തിന് 35,000 രൂപ വരെ വിലയുണ്ട്.

അധികൃതർക്ക് അനക്കമില്ല

ഇത്രയധികം ചന്ദനം മോഷണം പോയിട്ടും പ്രതികളെ പിടികൂടാനാകാത്തത് പൊലീസിന്റെയും വനംവകുപ്പിന്റെയും ഗുരുതര വീഴ്ചയാണെന്ന ആക്ഷേപം ശക്തമാണ്. ചന്ദനകൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് പൊലീസിനും വനംവകുപ്പിനും കൃത്യമായ ധാരണ ഉണ്ടെന്ന ആരോപണം ശക്തമാണ്. എന്നാൽ ഇവർ കൃത്യമായ നടപടി സ്വീകരിക്കാത്തതാണ് മോഷണം വർദ്ധിക്കാൻ കാരണം. ചന്ദനം മോഷണം പോയ ശേഷം പരാതിയുമായി ചെന്നാൽ പോലും ഇരും വകുപ്പുകളും കൈ മലർത്തുന്ന സ്ഥിതിയാണ്. ചന്ദനമോഷ്ടാക്കളെ പിടികൂടാൻ പൊലീസും വനംവകുപ്പും സംയുക്തമായി പ്രവർത്തിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. സ്വകാര്യ ഭൂമിയിൽ റിസർവ് വനത്തിലെ പോലെ സുരക്ഷ ശക്തമല്ലാത്തതാണ് മോഷണം കൂടാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.