കുടയത്തൂർ: വാഹനമിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്. മുട്ടം തറപ്പേൽ ജോസഫിനാണ് (55) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5.30ന് ശരംകുത്തി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം സംസ്ഥാന പാതയിലായിരുന്നു അപകടം. മുട്ടം ഭാഗത്തേക്ക് വന്ന സ്കൂട്ടറിൽ അതേ ദിശയിൽ നിന്ന് വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജോസഫ് റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാർ ജോസഫിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇടിച്ച വാഹനം നിറുത്താതെ പോയി. നാട്ടുകാർ വാഹനത്തെക്കുറിച്ചുള്ള സൂചന മുട്ടം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. എന്നാൽ ഇന്നലെ രാത്രി ഏറെ വൈകിയും വാഹനം കണ്ടെത്താനായില്ല.