അടിമാലി: സി.എച്ച്.ആർ മേഖലയായ പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിൽ നിന്ന് അനധികൃതമായി മരങ്ങൾ മുറിച്ച സംഭവത്തിൽ ഉടമകളിൽ ഒരാളെ വനപാലകർ അറസ്റ്റ് ചെയ്തു. കോതമംഗലം കോഴിപ്പിള്ളി നിരവത്ത് മാത്യു വർക്കിയാണ് (62) പിടിയിലായത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ 23ന് ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ആനവിരട്ടി വില്ലേജിൽപ്പെട്ട ഇവിടെ അതീവ പരിസ്ഥിതി ലോല മേഖലയായി ആദ്യഘട്ട ഉത്തരവിറങ്ങിയ സ്ഥലത്താണ് 30 മുതൽ 100 സെ.മീ വരെ വണ്ണമുള്ള 500 മരങ്ങൾ മുറിച്ച് കൂറ്റൻ ഷെഡ് സ്ഥാപിച്ചത്. പുറത്തറിയാതിരിക്കാൻ അന്യജില്ലകളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവന്നാണ് മരങ്ങൾ മുറിച്ചത്. തോട്ടത്തിലെ സ്ഥിരം തൊഴിലാളികൾ പോലും വിവരം അറിഞ്ഞിരുന്നില്ല. വേഗത്തിൽ മരംമുറിക്കാൻ വൈദഗ്ദ്ധ്യം നേടിയ തൊഴിലാളികളെയാണ് ഉപയോഗിച്ചത്. അടിമാലി റേഞ്ച് ഓഫീസർ കെ.വി. രതീഷിന്റെ നേതൃത്വത്തിൽ എസ്.എഫ്.ഒ ടോമി, ഉദ്യോഗസ്ഥരായ രാജൻ പി.കെ, നിഷാദ് പി. സത്യം, സുരേന്ദ്രൻ കെ.കെ, ജോബി എന്നിവരടങ്ങുന്ന വനപാലക സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ സഹോദരങ്ങളും എസ്റ്റേറ്റ് ഉടമകളുമായ നിരവത്ത് ജോൺസൺ, സൈമൺ, എൽദോസ് എന്നിവർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

സെക്ഷൻ ഓഫീസർക്കെതിരെ നടപിക്ക് സാദ്ധ്യത

അടിമാലി റേഞ്ചിലെ കൂമ്പൻപാറ സെക്ഷൻ ഓഫീസിന് കീഴിൽ വരുന്ന മേഖലയിലെ നെല്ലിത്താനം എസ്റ്റേറ്റിൽ എത്താൻ കാട്ടിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കണം. ഇവിടെ കൃഷി ചെയ്യാതെ കിടന്ന സ്ഥലത്താണ് മരം മുറിച്ച് ഏലകൃഷി വ്യാപിക്കാനായി ശ്രമിച്ചത്. സംഭവത്തിൽ വിവരം അറിഞ്ഞിട്ടും നടപടി എടുക്കാൻ വൈകിയ സെക്ഷൻ ഓഫീസർക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.