തൊടുപുഴ: നഷ്ടപരിഹാര തുക നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വനംവകുപ്പ് മരംമുറിക്കാൻ അനുമതി നൽകാത്തതിനെ തുടർന്ന് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്തിന്റെ വികസനം വഴിമുട്ടി. മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42.98 കിലോ മീറ്രർ പാതയുടെ വികസനം 92 ശതമാനവും പൂർത്തിയായി. എന്നാൽ വനമേഖലയിലുള്ള 3.3 കി.മി ഭാഗത്തെ മരങ്ങൾ വെട്ടിമാറ്റി റോഡിന് വീതി കൂട്ടുന്നതിനാണ് വനംവകുപ്പ് തടസം നിൽക്കുന്നത്. ദേവികുളം ബ്ലോക്ക് ഓഫീസ് മുതൽ ടൗൺ വരെയുള്ള 2.7 കിലോമീറ്റർ,​ ഗ്യാപ് റോഡിന്റെ ഭാഗത്ത് 80 മീറ്രർ,​ പൂപ്പാറ മുതൽ മൂലത്തറ വരെ 500 മീറ്റർ എന്നിങ്ങനെയാണ് സ്ഥലംവിട്ടുനൽകേണ്ടത്. എന്നാൽ സ്ഥലം വിട്ടുനൽകാൻ 30 കോടി രൂപയാണ് വനംവകുപ്പ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ദേശീയപാതാ അധികൃതരും വനം വകുപ്പുമായി നടത്തിയ ചർച്ചയിൽ തുക 8.48 കോടിയായി കുറയ്ക്കാൻ ഏകദേശ ധാരണയായി. ചിന്നക്കനാലിൽ റവന്യൂ വകുപ്പ് പകരം ഭൂമി നൽകാനും തീരുമാനിച്ചു. ഇതനുസരിച്ച് 8.48 കോടി രൂപ അനുവദിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും മരങ്ങൾ മുറിക്കാനുള്ള അനുമതി നൽകാത്തതിനാൽ തുടർപണികൾ നടത്താൻ കഴിയാത്ത അവസ്ഥയിലാണ് ദേശീയപാതാ അധികൃതരും കരാറുകാരനും. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മാർച്ചിന് മുമ്പ് നിർമാണം പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയെങ്കിലും വനംവകുപ്പിന്റെ തടസംമൂലം പണികൾ പൂർത്തിയാക്കാനായില്ല. ഒരുമാസത്തിനുള്ളിൽ കാലവർഷമെത്തുന്നതോടെ പണികൾ വീണ്ടും നീളുമെന്ന ആശങ്കയാണുള്ളത്.

വൈകിപ്പിച്ചത് രണ്ട് വർഷം

2017 സെപ്തംബറിലാണ് ദേശീയപാതാവികസനം ആരംഭിച്ചത്. 2019 ആഗസ്റ്റിൽ പൂർത്തിയാക്കണമെന്നായിരുന്നു കരാറിലെ നിബന്ധന. എന്നാൽ എന്നാൽ, വനം വകുപ്പിന്റെ മാത്രം ഉടക്ക് കാരണം രണ്ട് വർഷത്തോളമാണ് പദ്ധതി വൈകിയത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ഗ്യാപ്പ് റോഡ് മുതൽ പൂപ്പാറ വരെയുള്ള 25 കിലോ മീറ്ററിലെ ഏലപട്ടയ മേഖലയിലെ നിർമാണത്തിന് വനംവകുപ്പ് തടസം നിന്നതിനെ തുടർന്ന് ഒരു വർഷത്തോളം നിർമാണം നിലച്ചിരുന്നു. തുടർന്ന് മന്ത്രിസഭ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. അതിന് ശേഷമാണ് ഇപ്പോഴുള്ള 3.3 കിലോമീറ്ററിലെ തടസം. പണമടച്ചിട്ടും സ്ഥലംവിട്ടുനൽകാതെ വനംവകുപ്പ് ക്ഷമ പരീക്ഷിക്കുകയാണ്.

'വനംവകുപ്പിന്റെ നിഷേധാത്മക നിലപാട് കാരണം രണ്ട് വർഷമാണ് പദ്ധതി വൈകിയത്.

സ്ഥലം വിട്ടുകിട്ടിയാൽ രണ്ട് മാസത്തിനുള്ലിൽ നിർമ്മാണം പൂർത്തിയാക്കാനാകും. മൂന്ന് കലുങ്കുകളും സംരക്ഷണഭിത്തിയുമാണ് നിർമ്മിക്കാനുള്ളത്."

-റെക്സ് ഫെലിക്സ് (ദേശീയ പാതാ അതോറിട്ടി അസി. എക്സിക്യൂട്ടീവ് എൻജിനിയർ)

 ആകെ ദൂരം- 42.98 കി.മി

 ആകെ പദ്ധതി തുക- 398 കോടി

 കരാർ- ദിനേശ് ചന്ദ്ര അഗർവാൾ,​ ഗുജറാത്ത്